കണ്ണൂർ :- മാതമംഗലം വെള്ളോറയിൽ ആട്ടിൻകൂട്ടിൽ കയറി പുലി ആടിനെ കടിച്ചു കൊന്നു. മറ്റൊരു ആടിനെ കടിച്ചു പരുക്കേൽപ്പിച്ചു. അറയ്ക്കൽ പാറ ക്ഷേത്രത്തിന് സമീപത്തെ പന്തമ്മാക്കൽ രവീന്ദ്രൻ്റെ വീട്ടിലെ ആടിനെയാണ് പുലി പിടിച്ചത്. ഇന്നു പുലർച്ചെ 2.30 ഓടെയാണ് സംഭവം. ആട്ടിൻകൂട്ടിൽ കയറി രണ്ടെണ്ണത്തെയാണ് പുലി ആക്രമിച്ചത്. പുലിക്ക് കൂട്ടിൽ കയറാൻ എളുപ്പമായി. ചത്ത ആടിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ ആടിൻ്റെയും കഴുത്തിലാണ് കടിയേറ്റത്. രണ്ട് ആടിനെയും കടിച്ച് എടുത്തു കൊണ്ടുപോകാൻ ശ്രമിച്ചതാണെന്ന് കരുതുന്നു. പക്ഷേ ആടുകളെ കെട്ടിയിട്ടിരുന്നതിനാൽ അത് സാധിച്ചില്ല.
ആടിൻ്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ആട്ടിൻകൂടിന് സമീപമെത്തിയപ്പോഴേക്കും പുലി കടന്നുകളഞ്ഞു. വീട്ടുകാർ ഭയന്ന് സമീപവാസികൾക്ക് വിവരം നല്കിയതിനെ തുടർന്ന് പ്രദേശത്തെ സ്കൂളിൽ നടക്കുന്ന വിദ്യാരംഗം കലാസാഹിത്യ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവർ എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പുലർച്ചെ തന്നെ പെരിങ്ങോം പൊലിസും വനം വകുപ്പ് ബീറ്റ് ഓഫിസർമാരും സ്ഥലത്തെത്തി. പുലി ആടിനെ പിടിച്ച കൂടിന് സമീപത്ത് തന്നെ പശുക്കളുള്ള തൊഴുത്തും ഉണ്ട്. പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ കാൽപാടുകൾ കണ്ടെത്തുകയും വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.