കൊച്ചി :- പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കുന്നത് അപകീർത്തികരമോ നിയമവിരുദ്ധമോ അല്ലെന്ന് ഹൈക്കോടതി. 2017 ഏപ്രിലിൽ പറവൂരിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരേ കരിങ്കൊടി വീശിയ മൂന്നു കോൺഗ്രസ് പ്രവർത്തകർക്കെതിരേയെടുത്ത കേസുകൾ റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. സാധാരണയായി കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമായാണ് വീശുന്നത്. നിയമപരമായി വിലക്കില്ലാത്തിടത്തോളം അപകീർത്തിക്ക് കേസെടുക്കാനാകില്ല. ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
അനീതിയെന്ന് തോന്നിയ കാര്യത്തിൽ ഹർജിക്കാർ പ്രതിഷേധം അറിയിച്ചതു കരിങ്കൊടി വീശിയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ വികാരങ്ങളുടെ പരസ്യ പ്രകടനം എന്ന നിലയ്ക്കു പ്രതിഷേധങ്ങളും അനി വാര്യമാണ്. സമാധാനപരമായ പ്രതിഷേധങ്ങൾ ഭരണത്തെ ദുർബലമാക്കുകയല്ല, ശക്തിപ്പെടുത്തുകയാണു ചെയ്യുന്നത്. കരിങ്കൊടി വീശൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെയായാൽ പോലും അപകീർത്തികരമായി കാണാനാവില്ലെന്നു കോടതി പറഞ്ഞു.