ഡിജിറ്റൽ തട്ടിപ്പ് കുരുക്കാകുന്നു ; തട്ടിപ്പു സംഘങ്ങൾ ഹാക്ക് ചെയ്‌ത വാട്സാപ് അക്കൗണ്ടുകൾ വീണ്ടെടുക്കാനാകാതെ ഉടമകൾ


കൊച്ചി :- ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ ഹാക്ക് ചെയ്‌ത വാട്സാപ് അക്കൗണ്ടുകൾ വീണ്ടെടുക്കാനാകാതെ ഉടമകൾ. പാസ്‌വേഡ് മാറ്റി സുരക്ഷിതമാക്കാനോ ലോഗ് ഔട്ട് ചെയ്ത ശേഷം വീണ്ടും ലോഗിൻ ചെയ്യാനോ സാധിക്കാത്ത വിധം തട്ടിപ്പുകാർ അക്കൗണ്ടിൽ മാറ്റങ്ങൾ വരുത്തുകയാണു ചെയ്യുന്നത്. സംസ്ഥാനത്തു നൂറുകണക്കിന് ആളുകളുടെ വാട്‌സാപ് അക്കൗണ്ടുകളാണ് ഇത്തരത്തിൽ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ളത്. തട്ടിപ്പിനിരയായവർ പൊലീസിനും വാട്സാപ്പിനും പരാതി നൽകിയിട്ടും ഏതാനും അക്കൗണ്ടുകൾ മാത്രമാണു വീണ്ടെടുക്കാനായത്. 7 ദിവസം കാത്തിരിക്കാനുള്ള നിർദേശമാണു പരാതി നൽകിയവരിൽ ഭൂരിഭാഗത്തിനും വാട്സാപ് അധികൃതരിൽ നിന്നു ലഭിക്കുന്നത്.

ഇരകളെ കബളിപ്പിച്ച് ഒടിപി സംഘടിപ്പിച്ച ശേഷം അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കുന്ന തട്ടിപ്പുകാർ മിനിറ്റുകൾക്കുള്ളിൽ വാട്‌സാപ്പിന്റെ സുരക്ഷാ സംവിധാനങ്ങളിലൊന്നായ 'ടു സ്‌റ്റേജ് വെരിഫിക്കേഷൻ' ആക്ടിവേറ്റ് ചെയ്യുന്നതാണു പ്രതിസന്ധിക്കു കാരണം. തുടർന്ന് ഉടമയ്ക്കു ലഭിക്കേണ്ട ഒടിപി, സുരക്ഷാ സന്ദേശങ്ങൾ എന്നിവ തട്ടിപ്പുകാരുടെ ഇ- മെയിൽ വിലാസത്തിലേക്കോ മൊബൈൽ നമ്പറിലേക്കോ പോകുന്ന വിധത്തിലും മാറ്റം വരുത്തും. ഇതിനാൽ അക്കൗണ്ട് വീണ്ടെടുക്കാനുള്ള വഴി പൂർണമായി അടയുന്നു. ഒട്ടേറെപ്പേരുടെ വ്യക്‌തിപരമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ തട്ടിപ്പുകാർ കൈക്കലാക്കിയിട്ടുണ്ട്.

പലർക്കും ബ്ലാക്ക്മെയിൽ സന്ദേശങ്ങളും ലഭിക്കുന്നു. ഇതിനൊക്കെ പുറമേ, ഈ അക്കൗണ്ടുകളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവരെ തട്ടിപ്പുകാർ വിഡിയോ കോൾ വിളിക്കുന്നതായും പരാതിയുണ്ട്. ദേശസാൽകൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി തട്ടിപ്പുകാർ ഒട്ടേറെ അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർ ഈ ബാങ്കുകളെ ബന്ധപ്പെട്ടപ്പോൾ ദിവസവും പലരിൽ നിന്നു വൻ തുകകൾ ഈ അക്കൗണ്ടുകളിൽ എത്തുന്നുണ്ടെന്നും പണം  നിമിഷങ്ങൾക്കുള്ളിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെ എടിഎമ്മുകൾ മുഖേന പിൻവലിക്കുകയാണെന്നുമുള്ള വിവരം ലഭിച്ചു അക്കൗണ്ടുകൾ തട്ടിപ്പുകാരുടേതാണെന്നു തെളിവുകൾ നൽകിയിട്ടും ഈ ഇടപാടുകൾ മരവിപ്പിക്കാൻ ബാങ്കുകൾ വിമുഖത കാട്ടുന്നുവെന്നും പരാതിയുണ്ട്.

Previous Post Next Post