കണ്ണൂർ :- ജില്ലയിലെ റോഡുകളിൽ അതിതീവ്ര അപകടസാധ്യതാ മേഖല (ബ്ലാക്ക് സ്പോട്ട്)കളായി മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത് 27 കേന്ദ്രങ്ങൾ. മൂന്നോ അതിൽ കൂടുതലോ വാഹനാപകടം നടന്ന ഭാഗങ്ങളാണ് അതിതീവ്ര അപകടമേഖലകളായി നിശ്ചയിക്കുന്നത്. ദേശീയ, സംസ്ഥാന പാതകളിലാണ് ഇവയെല്ലാം.
കണ്ണൂർ മേഖല
ഗാന്ധി സർക്കിൾ (കാൽ ടെക്സ്), കൊയ്‌ലി ആസ്പത്രി ബസ് കാത്തിരിപ്പുകേന്ദ്രം, പള്ളിക്കുളം ഗുരുമന്ദിരം, കണ്ണൂർ എസ്.എൻ കോളേജ് കവല, പള്ളിക്കുന്ന് ബസ് കാത്തിരിപ്പു കേന്ദ്രം, പുതിയതെരു മണ്ഡപം സ്റ്റോപ്പ്, വളപട്ടണം ടോൾബൂത്ത് കവല, വളപട്ടണം പാലം.
തലശ്ശേരി
തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം പാർക്ക്, കതിരൂർ വേറ്റുമ്മൽ പൊന്നമ്പത്ത് മുത്തപ്പൻ മടപ്പുര, കതിരൂർ നാലാം മൈൽ ബസ് കാത്തിരിപ്പുകേന്ദ്രം, ന്യൂ മാഹി പുന്നോൽ ബസ് കാത്തിരിപ്പു കേന്ദ്രം
പയ്യന്നൂർ
പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരം, പയ്യന്നൂർ കോളേജ് ബസ് കാത്തിരിപ്പുകേന്ദ്രം, പെരുമ്പ ജുമാമസ്‌ജിദ് പരിസരം.
തളിപ്പറമ്പ്
കുപ്പം പാലം, തളിപ്പറമ്പ് ഏഴാംമൈൽ ബസ് കാത്തിരിപ്പുകേന്ദ്രം, പുഷ്പഗിരി കാത്തിരിപ്പുകേന്ദ്രം, ബക്കളം ബിലാൽ ജുമാമസ്‌ജിദ്
മറ്റ് സ്ഥലങ്ങൾ
പാപ്പിനിശ്ശേരി ചുങ്കം റെയിൽവേ മേൽപ്പാലം, കണ്ണപുരം വെള്ളരങ്ങൽ ബദർ മസ്‌ജിദ് പരിസരം, മുട്ടിൽ റോഡ് കവല, മാങ്ങാട് ജുമാമസ്‌ജിദ് പരിസരം, മാങ്ങാട് ഇൻഫന്റ് ജീസസ് പള്ളി, പിലാത്തറ ബസ് കാത്തിരിപ്പുകേന്ദ്രം, കൂത്തുപറമ്പ്-മമ്പറം റോഡിലെ താഴെ കായലോട് റോഡ്. ഇരിട്ടി മേഖലയിലെ ജബ്ബാർക്കടവ് -പായം റോഡ് എന്നിവയും ബ്ലാക്ക് സ്പോട്ടുകളാണ്. ബ്ലാക്ക് സ്പോട്ടുകളിൽ ചിലതിൻ്റെ അപകടഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നടക്കുകയാണ്.
സുരക്ഷാ-മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, സിഗ്‌നൽ ലൈറ്റുകളുടെ തകരാർ പരിഹരിക്കുക, റോഡ് ഷോൾഡറുകൾ ഉപയോഗപ്രദമാക്കുക, കാഴ്ച മറയ്ക്കുന്ന മരച്ചില്ലകൾ നീക്കുക, അപകടകരമായ രീതിയിൽ നിർത്തിയിട്ടിരിക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ നീക്കുക, നടപ്പാതകൾ വൃത്തിയാക്കുക, കമ്പിയഴികൾ പുനഃസ്ഥാപിക്കുക, കാഴ്ച മറയ്ക്കുന്ന വിധത്തിലെ കൊടിതോരണങ്ങളും ബോർഡുകളും നീക്കുക എന്നിവയ്ക്കാണ് മുൻഗണന.
207 തീവ്ര അപകടമേഖലകൾ
സംസ്ഥാനത്തെ 4592 തീവ്ര അപകടമേഖലകളിൽ 207 എണ്ണം ജില്ലയിലുണ്ട്. പല കാരണങ്ങളാൽ അപകടഭീഷണി നിലനിൽക്കുന്ന മേഖലകളാണിത്. 2022-ൽ മോട്ടോർ വാഹന വകുപ്പാണ് കൂടുതൽ അപകടം നടക്കുന്ന കേന്ദ്രങ്ങൾ പരിശോധിച്ച് ഈ പട്ടിക തയ്യാറാക്കിയത്. 2019-ൽ ജില്ലയിലെ റോഡുകളിൽ അതിതീവ്ര അപകടസാധ്യതാ മേഖലകളായി കണ്ടെത്തിയത് 37 കേന്ദ്രങ്ങളായിരുന്നു. അഞ്ചുവർഷമായിടും ഇവയിൽ പലതും അതേ അവസ്ഥയിൽ തന്നെയാണ്. ചിലതാകട്ടെ ദേശീയപാത നവീകരണത്തിനിടെ അപ്രത്യക്ഷമായി.