ശ്രീകണ്ഠപുരം :- മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടി ദേവസ്ഥാനത്ത് ഒരുമാസത്തെ തിരുവപ്പന ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കുളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ചടങ്ങുകൾ ആരംഭിച്ചു. സന്ധ്യയോടെ പാടിയിൽ പ്രവേശിക്കൽ ചടങ്ങ് തുടങ്ങും. കോമരവും ചന്തനും താത്കാലിക മടപ്പുരയ്ക്കുള്ളിൽ പൈങ്കുറ്റി വെച്ചശേഷം കൊല്ലൻ കങ്കാണിയറയിലെ വിളക്ക് തെളിക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും. ആദ്യദിനം മുത്തപ്പന്റെ ജീവിതഘട്ടങ്ങളെ പ്രതി നിധീകരിച്ച് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിങ്ങനെ നാല് തെയ്യങ്ങളാണ് കെട്ടിയാടുക. പുലർച്ചെയോടെ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. മറ്റ് ദിവസങ്ങ ളിൽ വൈകിട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലർച്ചെ വെള്ളാട്ടം എന്നിവയുണ്ടാകും.
മുത്തപ്പൻ്റെ പ്രകൃതിയോടിണങ്ങിയ ജീവിതം പോലെ തന്നെയാണ് കുന്നത്തൂർപാടിയിലെ ഓരോ ചടങ്ങും. ഈറ്റപ്പന്തങ്ങൾ വെളിച്ചം നൽകുന്ന തിരുമുറ്റത്താണ് തിരുവപ്പന കെട്ടിയാടുന്നത്. ചടങ്ങുകൾക്കുള്ള ജലം വനാന്തരത്തിലെ തീർഥക്കുണ്ടിൽ നിന്ന് ശേഖരിക്കും. സ്ഥാനിക പന്തലുകളെല്ലാം ഓലകൊണ്ടാണ് നിർമിക്കാറുള്ളത്. തിരുമുറ്റത്ത് ഭക്തർക്ക് ദർശനം നൽകാൻ തിരുവപ്പന ഇരിക്കുന്ന പീഠം മണ്ണുകൊണ്ടുള്ളതാണ്. ഏരുവേശ്ശി പുഴയിലെ തിരുനെറ്റിക്കല്ലിൽ നിന്ന് പാടിക്കുറ്റി അന്തർജനത്തിന് കിട്ടിയ ശിശുവായ മുത്തപ്പൻറെ ആരൂഢസ്ഥാനമാണ് കുന്നത്തൂർപാടി. മുത്തപ്പൻ തന്റെ കൗമാരവും യൗവനവും ചെലവഴിച്ചത് കുന്നത്തൂർ മലമുകളിലെ വനാന്തരത്തിലാണെന്നാണ് ഐതിഹ്യം.