വിവാഹ വീട്ടിലെ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പിഴ ചുമത്തി


കണ്ണൂർ :- വിവാഹ വീട്ടിലെ മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിനു ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴചുമത്തി. ചെമ്പിലോട് ചക്കരക്കല്ലിലെ ഗൃഹനാഥന്റെ പേരിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടപടിയെടുത്തത്. വിവാഹ സൽക്കാരത്തിന്റെ ഭാഗമായുള്ള ഭക്ഷണാവശിഷ്ട‌ം, ഒറ്റത്തവണ ഉപയോഗ ബയോ പേപ്പർ കപ്പുകൾ, പാൽ കവറുകൾ എന്നിവ ഉൾപ്പെടെയാണു കത്തിച്ചത്. 5000 രൂപയാണ് പിഴ. 

എൻഫോഴ്സസ്മെന്റ് ഓഫിസർ കെ.ആർ അജയകുമാർ, സ്ക്വാഡ് അംഗം ശെരികുൽ അൻസാർ, ചെമ്പിലോട് പഞ്ചായത്ത് അസിസ്‌റ്റൻ്റ് സെക്രട്ടറി ജി.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിവാഹ വീടുകളിൽ ഹരിതചട്ട പ്രകാരം ഒറ്റ തവണ ഉപയോഗ വസ്തുക്കൾ ഒഴിവാക്കിയാൽ തന്നെ വലിയ അളവിലുള്ള മാലിന്യം കുറയ്ക്കാൻ സാധിക്കുമെന്ന് സ്ക്വാഡ് അറിയിച്ചു. ഭക്ഷണ അവശിഷ്ട‌ങ്ങൾ കംപോസ്‌റ്റ് കുഴിയൊരുക്കി സംസ്കരിക്കാം. ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിച്ച് ബന്ധപ്പെട്ട തദ്ദേശസ്‌ഥാപനങ്ങളിലെ ഹരിത കർമസേനയുടെ സേവനം തേടാം.

Previous Post Next Post