ജൈവവളങ്ങളിൽ മായം ; സമഗ്രമായി പരിശോധിക്കാനൊരുങ്ങി കൃഷിവകുപ്പ്


തിരുവനന്തപുരം :- സംസ്ഥാനത്ത് വിൽക്കുന്ന ജൈവവളങ്ങൾ സമഗ്രമായി പരിശോധിക്കാൻ കൃഷിവകുപ്പ് നടപടി തുടങ്ങി. വളത്തിൻ്റെ സാമ്പിളുകൾ വെള്ളായണിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അഗ്രികൾച്ചറിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രിയിൽ പ്രവർത്തിക്കുന്ന ലാബിൽ എത്തിച്ചു പരിശോധിച്ചാണ് ഗുണനിലവാരം ഉറപ്പുവരുത്തുക. കാർഷിക സർവകലാശാലയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അടുത്തിടെ നടന്ന സ്റ്റേറ്റ് ഫെർട്ടിലൈസർ കമ്മിറ്റി യോഗത്തിലാണ് ഗുണനിലവാര പരിശോധന സംബന്ധിച്ച നിർദേശമുയർന്നത്. വളങ്ങളിൽ ഏതെ ല്ലാംതരം സംയുക്തങ്ങളാണ് ഉപയോഗിക്കുന്നത്, മായംചേർക്കൽ നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നാണ് യോഗത്തിൽ ആവശ്യമുയർന്നത്. 

ഇതേത്തുടർന്നാണ് വെള്ളായണിയിലെ ലാബിൽ പരിശോധനാ സംവിധാനം ഒരുക്കിയത്. ചാക്കുകളിലും പാക്കറ്റുകളിലും രേഖപ്പെടുത്തിയിട്ടുള്ള ഘടകങ്ങൾ പൂർണമായും വളത്തിൽ അടങ്ങിയിട്ടുണ്ടോയെന്ന പരിശോധനയാണ് പ്രധാനമായും നടത്തുക. ജൈവവളം ഉത്പാദിപ്പിച്ചു വിതരണം നടത്തുന്ന എല്ലാ ഡീലർമാരും വളത്തിന്റെ സാമ്പിളുകൾ ലാബിൽ എത്തിച്ച് ഗുണ നിലവാരപരിശോധന നടത്തണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സംസ്ഥാനത്തെ നഴ്സറികളിലും വളം വിൽപ്പനശാലകളിലുമെല്ലാം ജൈവവളങ്ങൾ സുലഭമാണ്. ജൈവ കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ജൈവവളം എന്നീ പേരുകളിൽ ജൈവാംശം തെല്ലുമില്ലാത്ത വളങ്ങളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നതെന്ന പരാതികൾ വ്യാപകമായുണ്ടായിരുന്നു. ജൈവകൃഷിക്ക് പ്രചാരമേറിയതോടെ ജൈവവളവിൽപ്പനയും കൂടി.

Previous Post Next Post