കണ്ണൂർ :- ചപ്പാരപ്പടവ് നരിമടക്ക് സമീപം കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റിന് അനുമതി നൽകുന്നതിന് മുമ്പ് എല്ലാ വസ്തുതകളും വിലയിരുത്തി നിയമാനുസൃതം മാത്രം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ചപ്പാരക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പ്ലാന്റിനെതിരെ നാട്ടുകാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
ചപ്പാരക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റ് തുടങ്ങുന്നതിന് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച ശേഷമാണ് നാട്ടുകാർ പ്രക്ഷോഭങ്ങൾ തുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഏതെങ്കിലും വ്യവസായ സംരംഭത്തിനുള്ള അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം ലൈസൻസ് നൽകണമെന്നാണ് വ്യവസ്ഥയെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ കമ്മീഷൻ നേരിൽ കേട്ടു. പ്ലാന്റ് കാരണം സ്ഥലത്ത് ജലലഭ്യതക്ക് ദൗർലഭ്യമുണ്ടാകുമെന്ന പരാതി പരിശോധിക്കാൻ കമ്മീഷൻ ഇടക്കാല ഉത്തരവ് നൽകി. തുടർന്ന് പ്രൊഫ. വി. ഗോപിനാഥൻ, ഡോ.കെ. രാധാകൃഷ്ണൻ എന്നിവരെ നിയോഗിച്ച് നടത്തിയ പഠനത്തിൽ സ്ഥലത്ത് ബോട്ടിലിംഗ് പ്ലാന്റിന് അനുമതി നൽകരുതെന്നാണ് റിപ്പോർട്ട് ലഭിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രദേശവാസിയായ ജിജോ മാത്യു സമർപ്പിച്ച പരാതിയിലാണ് പരാതി.