കണ്ണൂർ :- കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായി എൻ.വി ശ്രീജിനി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് അംഗമായ ശ്രീജിനി മയ്യിൽ ഡിവിഷൻ നി ന്നുള്ള സിപിഎം പ്രതിനിധിയാണ്. 4 അംഗങ്ങളുള്ള സ്ഥിരസമിതിയിൽ 3 പേരും സിപിഎം പ്രതിനിധികളായതിനാൽ യുഡിഎഫ് പ്രതിനിധി മത്സരരംഗത്തുണ്ടായില്ല. എഡിഎം പത്മചന്ദ്ര കുറുപ്പ് തിരഞ്ഞെടുപ്പ് നടപടി നിയന്ത്രിച്ചു.
ആരോഗ്യ- വിദ്യാഭ്യാസ സ്‌ഥിരസമിതി അധ്യക്ഷയായിരുന്ന കെ.കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സാഹചര്യത്തിൽ, ജില്ലാ പഞ്ചായത്തിലെ 2 സ്‌ഥിരസമിതികൾ കഴിഞ്ഞയാഴ്ച പുനഃസംഘടിപ്പിച്ചിരുന്നു. നേരത്തേ ധനകാര്യ സ്ഥിര സമിതി അംഗമായ എൻ.വി ശ്രീജിനി തൽസ്ഥാനം രാജിവയ്ക്കുകയും തുടർന്ന് ആരോഗ്യ - വിദ്യാഭ്യാസ സ്‌ഥിരസമിതി അംഗമാകുകയുമായിരുന്നു. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനം രാജിവച്ച പി.പി ദിവ്യയെ, ധനകാര്യ സ്‌ഥിരസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയിൽ 17 പേർ എൽഡിഎഫും 7 പേർ യുഡിഎഫും ആണ്.