KSRTC വിനോദ യാത്ര ഡിസംബർ 26ന് മൂന്നാറിലേക്ക് , ജനുവരി രണ്ടിനും വിവിധയിടങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ


തലശ്ശേരി :- കെഎസ്ആർടിസിയുടെ അവധിക്കാല വിനോദ യാത്രക്ക് രജിസ്റ്റർ ചെയ്യാം. ഡിസംബർ 26ന് വൈകുന്നേരം ഏഴ് മണിക്ക് തലശ്ശേരിയിൽ നിന്ന് മൂന്നാറിലേക്കാണ്് യാത്ര. 27ന് രാവിലെ അടിമാലിയിൽ ഫ്രഷ് അപ്പ് ആയ ശേഷം മൂന്നാറിലെ ബോട്ടാണിക്കൽ ഗാർഡനിലൂടെ മറയൂരിലേക്ക്. മുരുകമല ഇരച്ചിപ്പാറ വെള്ളച്ചാട്ടം, കാന്തല്ലൂർ ഫ്രൂട്ട്സ് ഗാർഡൻ, ഭ്രമരം പോയിന്റ് എന്നിവ കണ്ട് ചന്ദനക്കാടിലൂടെ ജീപ്പ് സവാരി. തുടർന്ന് ക്യാമ്പ് ഫയർ. മറയൂരിലാണ് വിശ്രമം ഒരുക്കുക. 28ന് രാവിലെ തലയാർ ടീ എസ്റ്റേറ്റും മൂന്നാർ സിഗ്നൽ പോയിന്റും കടന്ന് ഗ്യാപ്പ് റോഡ് വ്യൂ പോയിന്റും മലൈ കള്ളൻ ഗുഹയും താണ്ടി ഉടുമ്പൻചോലയിലേക്കും അതുവഴി ചതുരംഗപ്പാറയിലേക്കും. തുടർന്ന് രാജാക്കാട് വഴി പൊന്മുടി ഡാമും സന്ദർശിച്ച് രാത്രിയോടെ മടക്കം. 29 രാവിലെ തലശ്ശേരിയിൽ തിരിച്ചെത്തും.

കൊച്ചി യാത്രയിൽ ആഡംബര കപ്പൽ യാത്രയാണ് പ്രധാന ആകർഷണം. ജനുവരി രണ്ടിന് രാവിലെ ആറ് മണിക്ക് തലശ്ശേരിയിൽ നിന്ന് കൊച്ചിയിലെത്തി നെഫർറ്റിറ്റി ആഡംബര ക്രൂയിസ് കപ്പൽയാത്ര. കപ്പലിലെ ഗെയിമുകൾ, ലൈവ് മ്യൂസിക്ക്, ബുഫെ ഡിന്നർ, അപ്പർ ഡക്ക് ഡിജെ വിഷ്വലൈസിങ്ങ് ഇഫക്, തിയേറ്റർ സൗകര്യങ്ങളിൽ ഉല്ലസിച്ച് അറബിക്കടലിലൂടെ അഞ്ചു മണിക്കൂർ യാത്ര. മൂന്നിന് രാവിലെ അഞ്ച് മണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും

ജനുവരി രണ്ടിന് വ്യാഴാഴ്ച തലശ്ശേരിയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ഗവി യാത്ര ആരംഭിക്കുക. മൂന്നിന് രാവിലെ റാന്നിയിൽ ഫ്രഷപ്പായ ശേഷം അടവിയിലെ കുട്ടവഞ്ചി സവാരി കഴിഞ്ഞ് കാനനഭംഗി നുകർന്ന് മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകൾ സന്ദർശിക്കും. തുടർന്ന് വണ്ടിപ്പെരിയാറിലേക്കും അവിടെ നിന്ന് കുമളിയിലേക്കും. വിശ്രമത്തിന് ശേഷം ജനവരി നാലിന് രാവിലെ എട്ട് മണിക്ക് കമ്പത്തേക്ക്. മുന്തിരിത്തോട്ടത്തിന്റെയും പച്ചക്കറിത്തോട്ടത്തിന്റെയും ഭംഗി ആസ്വദിച്ച് താനിക്കുഴി, ഒട്ടകത്തലമേട്, സ്പൈസസ് ഗാർഡൻ, രാമക്കൽമേട് കഴിഞ്ഞ് അഞ്ചിന് രാവിലെ ആറ് മണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. ബുക്കിങ്ങിന് ഫോൺ: 9497879962

Previous Post Next Post