മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 10 പേർ മരണപ്പെട്ടതായി റിപ്പോർട്ട്


ദില്ലി :- പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 മരണമെന്ന് റിപ്പോർട്ട്. 40 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് തുടർ സ്നാനം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്. അതേസമയം, അപകടത്തിൽ മരണം സംബന്ധിച്ച വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ അധികൃതർ സ്ഥിരീകരിച്ചില്ല. 

70 പേരെയെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് മാധ്യമപ്രവർത്തകനായ പിഎം നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേരെ കാണാതായിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. രക്ഷാപ്രവർത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് യുപി സർക്കാരിന് മോദി നിർദ്ദേശം നൽകി. ഊഹാപോഹങ്ങളിൽ വീഴരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുന്നുണ്ടെന്നും പറഞ്ഞ യോഗി തീർത്ഥാടകരോട് അഭ്യർത്ഥനയും നടത്തി. സംഗംഘട്ടിലേക്ക് സ്നാനത്തിനായി പോകരുതെന്നും സമീപമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കണമെന്നും യോ​ഗി അഭ്യർത്ഥിച്ചു. ഉന്നതതല യോഗം വിളിച്ച യോ​​ഗി ആദിത്യനാഥ് കുംഭമേള അധികൃതരുമായി ചർച്ച നടത്തി. തുടർനടപടികൾ സ്വീകരിക്കുമെന്ന് സന്യാസി സമൂഹം അറിയിച്ചു.   

സംഭവത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ യോ​ഗി ആദിത്യനാഥ് ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു.

Previous Post Next Post