രണ്ടാം വന്ദേഭാരതിന് 16 കോച്ചുകളാക്കി ഉയർത്തും ; സീറ്റുകളും ഇരട്ടിയാകും


കണ്ണൂർ :- കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകൾ കൂട്ടും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വണ്ടി (20631/20632) 16 കോച്ചാക്കും. നിലവിൽ എട്ട് കോച്ചാണ്. 512 സീറ്റുകൾ വർധിച്ച് ഇനി 1024 ആകും. ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയിൽവേയുടെ ഈ നീക്കം. തിരുവനന്തപുരം-കാസർകോഡ് (20634/20633) 16 കോച്ചിൽ നിന്ന് 20 കോച്ചായി വർധിപ്പിച്ചിരുന്നു. ആദ്യയാത്രയിൽ 100 ശതമാനം ബുക്കിങ് ലഭിച്ചു (ആകെ 1336 സീറ്റുകൾ). അതിന് പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന്റെ കോച്ചുകൾ വർധിപ്പിക്കുന്നത്.

ഇന്ത്യയിൽ എട്ട് കോച്ചുള്ള 38 വന്ദേഭാരതുകളിൽ പകുതി സീറ്റിലധികം ഒഴിഞ്ഞുകിടക്കുമ്പോഴാണ് തിരുവനന്തപുരം-മംഗളൂരു വണ്ടി നിറഞ്ഞോടുന്നത്. ഇന്ത്യയിലെ 59 വന്ദേഭാരതുകളിൽ മുഴുവൻ സീറ്റും നിറച്ചോടുന്നത് 17 എണ്ണം മാത്രമാണ്. കേരളത്തിൽ നിന്നുള്ള തിരുവനന്തപുരം -കാസർകോട്, തിരുവനന്തപുരം -മംഗളൂരു വന്ദേഭാരതുകൾ ഈ പട്ടികയിൽ മുന്നിലാണ്. മംഗളുരുവിൽ നിന്ന് രാവിലെ 6.25-ന് പുറപ്പെട്ട് ആലപ്പുഴ വഴി വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05-ന് പുറപ്പെടും. രാത്രി 12.40-ന് മംഗളൂരു സെൻട്രലിൽ എത്തും.

Previous Post Next Post