നഗര സൗന്ദര്യവത്കരണത്തിനൊരുങ്ങി തളിപ്പറമ്പ് ; തയ്യാറാകുന്നത് മൂന്ന് കോടിയുടെ പദ്ധതികൾ


തളിപ്പറമ്പ് :- നഗരം സൗന്ദര്യവത്കരണത്തിനുള്ള പദ്ധതികൾ തയ്യാറാകുന്നു. സൗന്ദര്യവത്കരണത്തിന് മൂന്നുകോടി രൂപ നീക്കിവെച്ചതായി എം.വി ഗോവിന്ദൻ എം.എൽ.എ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ നഗരസഭയും പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ്. തിങ്കളാഴ്ച വീണ്ടും നഗരസഭാ അധികാരികൾ ഇക്കാര്യം ചർച്ചചെയ്യും. നഗരത്തിന്റെ പ്രധാന തെരുവോരം ആകർഷകമാക്കാനുള്ള പദ്ധതികൾക്കാണ് എം.എൽ.എ യുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ട്രാഫിക് ഐലൻഡ് മുതൽ ചിറവക്ക് വരെയുള്ള റോഡ് മനോഹരമാക്കും. റോഡിൽ ടാറിട്ടഭാഗം ഒഴികെ തകർന്നുകിടക്കുന്നത് മുഴുവനായും കൊരപ്പുകട്ടകൾ പാകി ഭംഗിയാക്കുകയാണ് പ്രധാനം.

ദേശീയപാതയിൽ ഡിവൈഡറിൽ സ്ഥാപിച്ച വിളക്കുകൾക്ക് പ്രകാശക്കുറവുള്ളത് ചർച്ചയാകുന്നുണ്ട്. അത് പരിഹരിക്കാൻ റോഡിന്റെ വശങ്ങളിൽ പുതിയ വിളക്കുകാലുകൾ സ്ഥാപിക്കാനും നീക്കമുണ്ട്. ഭംഗിയാർന്ന പൂക്കളോടെ ചെടിച്ചട്ടികൾ സ്ഥാപിച്ച് നഗരത്തെ ആകർഷകമാക്കും. ചെടികളുടെ പരിചരണം വ്യാപാരികളുടെ സഹകരണത്തോടെ നടത്തും. നഗര സൗന്ദര്യവത്കരണത്തിന് തങ്ങളാലാകുന്നത് ചെയ്യാമെന്ന് നഗരസഭയും പറയുന്നു. നേരത്തെതന്നെ ചിലതൊക്കെ ചെയ്തെങ്കിലും നടപ്പാതയുൾപ്പെടെ തകർന്നുപോയി. റോഡരികിലെ കൈവരികൾ വാഹനങ്ങളിടിച്ച് ഇല്ലാതാകുന്നുണ്ട്. പദ്ധതി പരിപാലനത്തിന്റെ പോരായ്മകളാണ് പ്രശ്നമാകുന്നത്. പ്രധാന റോഡ്, കോടതി റോഡ്, താലൂക്ക് ഓഫീസിന് മുൻവശം നടപ്പാത എന്നിവിടങ്ങളിൽ വിളക്കുകാലുകൾ സ്ഥാപിച്ചും ചെടിച്ചട്ടികൾ വെച്ചും മനോഹരമാക്കാനാണ് നഗരസഭയും ലക്ഷ്യമിടുന്നത്. 

Previous Post Next Post