മൂന്നാർ :- പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിലെ (രാജമല) വരയാടുകളുടെ പ്രജനനകാലം തുടങ്ങി. കഴിഞ്ഞ ദിവസം ഉദ്യാനത്തിൽ വരയാട്ടിൻ കുഞ്ഞിനെ കണ്ടിരുന്നു. ഇതോടെ ഫെബ്രുവരി ഒന്നുമുതൽ രണ്ടുമാസത്തേക്ക് പാർക്ക് അടച്ചിടും.
പാർക്കിന്റെ ഉൾപ്രദേശങ്ങളിൽ പത്തിലേറെ കുഞ്ഞുങ്ങൾ പിറന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇവ ദിവസങ്ങൾക്കകം സന്ദർശകർക്ക് അനുവദിച്ചിരിക്കുന്ന ഭാഗത്തേക്ക് എത്തിയേക്കും. 97 ചതുരശ്രകിലോമീറ്റർ വരുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ വളരെ കുറച്ചു ഭാഗത്ത് മാത്രമാണ് സന്ദർശകർക്ക് അനുമതിയുള്ളത്.
വംശനാശഭീഷണി നേരിടുന്നവയാണ്, വരയാടുകൾ എന്നറിയപ്പെടുന്ന നീലഗിരിഥാർ. ഇവയെ കാണുന്നതിനാണ് സന്ദർശകർ പ്രധാനമായും രാജമലയിൽ എത്തുന്നത്. രാജമലകൂടാതെ പാമ്പാടും ഷോല, ചിന്നാർ എന്നീ പ്രദേശങ്ങളിലും വരയാടുകളുണ്ട്. ഏപ്രിൽ ഒന്നിന് ഉദ്യാനം തുറന്നുകൊടുക്കും. പിന്നീട് വരയാടുകളുടെ കണക്കെടുക്കും.