ശബരിമല സ്പോട് ബുക്കിങ് 5000 ആക്കി കുറച്ചിട്ടും തിരക്ക് കുറയുന്നില്ല ; പടി കയറാൻ തീർഥാടകരുടെ നീണ്ട കാത്തുനിൽപ്


ശബരിമല :- സ്പോട് ബുക്കിങ് വഴി ദർശനത്തിനുള്ള എണ്ണം കുറച്ചിട്ടും പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ കാത്തുനിൽപ് കുറയുന്നില്ല. പടി കയറ്റുന്നതിന്റെ വേഗം കുറയുന്നതാണു കാരണമെന്നാണ് ആക്ഷേപം. 7 മുതൽ 8 മണിക്കൂർ വരെ കാത്തുനിന്നാണ് ഇന്നലെ മിക്കവരും പതിനെട്ടാംപടി കയറിയത്. ദിവസം 22,000 മുതൽ 25,000 പേർ വരെയാണ് സ്പോട് ബുക്കിങ് വഴി ദർശനം നടത്തിവന്നത്. തിരക്കു കുറയ്ക്കാൻ ഇന്നലെ മുതൽ സ്പോട് ബുക്കിങ് 5000 എണ്ണമാക്കി കുറച്ചു.

ഇന്നലെ പുലർച്ചെ 3ന് നട തുറന്നപ്പോൾ പമ്പാ മണപ്പുറത്ത് ത്രിവേണി ചെറിയ പാലത്തിനു സമീപം വരെ തീർഥാടകരുണ്ടായിരുന്നു. മകരവിളക്കിന്റെ തിരക്ക് കാരണം വെർച്വൽ ക്യു, സ്പോട് ബുക്കിങ് പാസ് പരിശോധന പൊലീസ് കൂടുതൽ ശക്തമാക്കി. പാസ് ഇല്ലാത്തവരെ നിലയ്ക്കലിൽ നിന്നു തിരിച്ചു വിടാനാണു പൊലീസിനു ലഭിച്ച നിർദേശം. ഇതിന്റെ ഭാഗമായി നിലയ്ക്കലിൽ പുതിയ സ്പോട് ബുക്കിങ് കൗണ്ടർ തുറക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പമ്പയിലെ 7 കൗണ്ടറിൽ 3 എണ്ണമാണ് നിലയ്ക്കലിലേക്കു മാറ്റുന്നത്.

ചൊവ്വാഴ്ച രാത്രിയിലെ വലിയ തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിലെ അടിസ്ഥാന താവളത്തിൽ തീർഥാടകരെ മണിക്കൂറുകളോളം തടഞ്ഞു നിർത്തി. എല്ലാ വാഹനങ്ങളും നിലയ്ക്കൽ ഗോപുരത്തിൽ നിന്നു പാർക്കിങ് ഗ്രൗണ്ടിലേക്കു കയറ്റിവിട്ടു. മണിക്കൂറുകൾ കഴിഞ്ഞാണ് പമ്പയിലേക്കു പോകാൻ അനുവദിച്ചത്. എരുമേലിയിൽ പേട്ടതുള്ളി കരിമല വഴിയുള്ള പരമ്പരാഗത കാനന പാതയിലൂടെ കാൽനടയായി ആയിരങ്ങളാണ് എത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് പാതയിൽ തിരക്കേറി.

Previous Post Next Post