മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിൽ കയരളം വില്ലേജിലെ ഇരുവാപ്പുഴ നമ്പ്രത്ത് റിസോർട്ട് നിർമ്മാണത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികൾ വളപട്ടണം പുഴയുടെ പുറമ്പോക്ക് കയ്യേറി നശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടികൾ വേണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഈ സ്ഥലത്ത് മരങ്ങളുംജൈവ സമ്പത്തുകളും വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിലാണുള്ളത്. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ഇത്തരം സ്ഥലങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പുഴ പുറമ്പോക്ക് കയ്യേറ്റം തടയണമെന്നും പരിസ്ഥിതിക പ്രാധാന്യമുള്ള ജൈവ സമ്പത്ത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പരിഷത്ത് കണ്ണൂർ ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
ജില്ലാ പരിസര വിഷയ സമിതിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി പ്രദീപ് കുമാർ ജില്ലാ വിഷയ സമിതി കൺവീനർ സതീശൻ കസ്തൂരി കേന്ദ്ര നിർവാഹ സമിതി അംഗം വി.വി ശ്രീനിവാസൻ മേഖല പ്രസിഡന്റ് ഡോക്ടർ രമേശൻ കടൂർ , മേഖല സെക്രട്ടറി കെ.കെ കൃഷ്ണൻ, സി.മുരളീധരൻ, പി.കെ സുധാകരൻ, എ.ഗോവിന്ദൻ, പി.പി സ്നേഹജൻ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.