വയനാട്ടിൽ നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; കലക്ടർ സ്ഥലത്തേക്ക് വരാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം

 


മാനനന്തവാടി :- കടുവാ ആക്രമണ ഭീതിയിൽ കഴിയുന്ന മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കലക്ടർ സംഭവ സ്ഥലത്തേക്ക് വരാത്തത്തിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കം ബേസ് ക്യാമ്പിലേക്ക് തള്ളിക്കയറി. കളക്ടർ ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ പങ്കെടുക്കുകയാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എഡിഎം അല്ലെങ്കിൽ സബ് കളക്ടർ ഉൾപ്പെടെയുള്ള റവന്യു അധികാരികൾ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നാട്ടുകാർ കടുപ്പിച്ചതോടെ കളക്ടർക്ക് പകരം എഡിഎം പ്രദേശത്തേക്ക് എത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.     

വയനാട്ടിലെ നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം തുടരുകയാണ്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് ഹൗസിലെത്തി. കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെയുണ്ടെന്നാണ് വനംവകുപ്പ് വിശദീകരണം. നോർത്ത് വയനാട് ഡിവിഷനിലെ 85 ഉദ്യോഗസ്ഥർ കടുവയ്ക്കായുള്ള പരിശോധനയിൽ പഞ്ചാരക്കൊല്ലിയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നാണ് വനം വകുപ്പ് വിശദീകരണം.  


കടുവ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം സംസ്കരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എട്ടാമത്തെ ആളാണ് രാധ. രാധ ഉള്‍പ്പെടെ മൂന്ന് പേരും കൊല്ലപ്പെട്ടത് കൃഷിയിടങ്ങളില്‍ വച്ചായിരുന്നു. വയനാട്ടിലെ ഒട്ടുമിക്ക ഗ്രാമങ്ങളും നാളുകളായി കടുവ ഭീതിയുടെ നടുവിലാണ്. വന്യമൃഗ ശല്യം തടയാനായി പ്രഖ്യാപിച്ച പദ്ധതികളുടെ മെല്ലെപ്പോക്കും വെല്ലുവിളിയാണ്.

Previous Post Next Post