ശബരിമലയിൽ തിരുവാഭരണം ചാർത്തിയ അയ്യപ്പസ്വാമിയെ തൊഴാൻ നാളെ വരെ അവസരം


ശബരിമല :- തിരുവാഭരണം ചാർത്തിയ അയ്യപ്പ സ്വാമിയെ കണ്ടുതൊഴാൻ നാളെ വരെ അവസരം. മകരസംക്രമ സന്ധ്യയിൽ ചാർത്തിയ തിരുവാഭരണം ഇന്നും നാളെയും ഉച്ചപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. രാത്രി അത്താഴപൂജയും ഹരിവരാസനവും കഴിയുന്നതു വരെ തിരുവാഭരണം ചാർത്തി ദർശനം ലഭിക്കും. പുഷ്പാഭിഷേകം ഒഴിവാക്കിയാണ് ഇതിനുള്ള ക്രമീകരണം നടത്തിയത്. 

തിരുവാഭരണത്തെ അനുഗമിച്ച രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയ്ക്ക് ഇന്ന് സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ് നൽകും. 2 ദിവസമായി പമ്പയിലുള്ള അദ്ദേഹം ഉച്ചയ്ക്കു ശേഷം സന്നിധാനത്തേക്കു മലകയറും. തീർഥാടനകാലത്തെ ആദ്യ പടിപൂജയ്ക്കും തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ തുടക്കമായി. മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. മകരജ്യോതി ദർശനം കഴിഞ്ഞിട്ടും ഭക്തപ്രവാഹമാണ്.

Previous Post Next Post