ഭക്ഷണ അലവന്‍സ് ഇല്ല, സെക്രട്ടറിയേറ്റിന് മുന്നില്‍ ഭിക്ഷയെടുപ്പ് സമരവുമായി സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കുട്ടികള്‍


തിരുവനന്തപുരം :- ഭക്ഷണ അലവന്‍സ് ലഭിക്കാതായതോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഭിക്ഷയെടുപ്പ് സമരവുമായി സംസ്ഥാനത്തെ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കുട്ടികള്‍. 10 കോടിയിലേറെ രൂപയാണ് ഹോസ്റ്റലുകള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കാനുള്ള കുടിശ്ശിക. അടച്ചുപൂട്ടലിന്റെ വക്കിലാണ് സംസ്ഥാനത്തെ പല സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളും. കായിക താരങ്ങള്‍ക്കുള്ള ഫുഡ് അലവന്‍സ് പോലും പത്ത് മാസമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകള്‍ക്ക് നല്‍കുന്നില്ല. 

കൗണ്‍സിലിന് കീഴിലുള്ള അന്‍പതിലധികം കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ക്ക് മാത്രം ഫുഡ് അലവന്‍സ് ഇനത്തില്‍ മാത്രം സര്‍ക്കാര്‍ 10 കോടിയിലേറെ രൂപ നല്‍കാനുണ്ട്. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ ഓരോ ഹോസ്റ്റലുകളിലെയും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അലവന്‍സ് തുക മുന്‍കൂറായി നല്‍കാറായിരുന്നു പതിവ്. പിന്നീട് മാസംതോറും തുക കുടിശ്ശികയില്ലാതെ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2021 ഓടെ കാര്യങ്ങള്‍ മാറി. കൃത്യമായി പണം ലഭിക്കാതെ വന്നതോടെ കോളേജ് ഹോസ്റ്റലുകള്‍ തന്നെ കുട്ടികളുടെ ഭക്ഷണ ചിലവ് ഏറ്റെടുക്കാനും ആരംഭിച്ചിരുന്നു.

എന്നാല്‍ നിലവില്‍ ഫണ്ടില്ലാത്തതിനാല്‍ ഹോസ്റ്റല്‍ സംവിധാനം തന്നെ നിര്‍ത്താന്‍ ഒരുങ്ങുകയാണ് മാനേജ്‌മെന്റുകള്‍. ഹോസ്റ്റല്‍ സംവിധാനം നിര്‍ത്തലാക്കിയാല്‍ ഇവരുടെയെല്ലാം ഭാവി അനിശ്ചിതത്തിലാകുകയും ചെയ്യും. അവസാന മാര്‍ഗ്ഗം എന്ന നിലയിലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി കുട്ടികളെത്തിയത്.

Previous Post Next Post