ഇത് പുതുവർഷ സമ്മാനം ; 'മകൻ വിളിച്ചു, ഹാപ്പി ന്യൂ ഇയർ അറിയിച്ചു' ,കാണാതായ മകനെ കണ്ടെത്തിയ സന്തോഷത്തിൽ മാതാപിതാക്കൾ


കോഴിക്കോട് :- സൈനിക സ്പോർട്സ് അക്കാദമിയിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ സൈനികൻ കോഴിക്കോട് എലത്തൂർ സ്വദേശി വിഷ്ണു വീട്ടിലേക്ക് വിളിച്ചു. എലത്തൂർ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ ബംഗളുരുവിൽ വെച്ചാണ് വിഷ്ണുവിനെ കണ്ടെത്താനായത്. ചില സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ നാട്ടിൽ നിന്ന് മാറിനിന്നു എന്നാണ് വിഷ്ണു പൊലീസിനോട് പറ‌ഞ്ഞത്.

പുതുവ‌ർഷത്തിൽ മകനെ കണ്ടെത്തിയ സന്തോഷത്തിലാണെന്ന് അച്ഛൻ പറഞ്ഞു. മകൻ രാത്രി വീട്ടിലേക്ക് വിളിച്ചു. ബേജാറാവണ്ട എന്നാണ് മകൻ തന്നോട് പറഞ്ഞതെന്നും അവനോട് തിരിച്ചും അത് തന്നെ പറഞ്ഞുവെന്നും അച്ഛൻ അറിയിച്ചു. ഹാപ്പി ന്യൂ ഇയർ പറ‌ഞ്ഞുവെന്ന് അമ്മയും പറ‌ഞ്ഞു. വിഷ്ണുവിനെ അന്വേഷിച്ചു പോയ പൊലീസ് സംഘത്തിലെ എസ്.ഐ സിയാദും വീട്ടുകാരുമായി സംസാരിച്ചു. പൊലീസ് വളരെ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്നും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും വിഷ്ണുവിന്റെ അച്ഛൻ പറ‌ഞ്ഞു. സാമ്പത്തിക പ്രയാസമുണ്ടെന്ന് തങ്ങളോട് പറയാതിരുന്നതിൽ മാത്രമാണ് വിഷമമുള്ളതെന്നും അച്ഛൻ പറഞ്ഞു.

Previous Post Next Post