'ഇന്ത്യാ സ്റ്റോറി' നാടകയാത്രയ്ക്ക് പാവന്നൂർമൊട്ടയിൽ സ്വീകരണം നൽകി


പാവന്നൂർമൊട്ട :- കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഇന്ത്യ സ്റ്റോറി നാടകയാത്രയ്ക്ക് പാവന്നൂർമൊട്ടയിൽ സ്വീകരണം നൽകി. പാവന്നൂർ മൊട്ടയിൽ നടന്ന സ്വീകരണ പരിപാടിയിൽ വി.മനോമോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം വി.വി ശ്രീനിവാസൻ പ്രഭാഷണം നടത്തി. 

ജാഥാ മാനേജർ കെ.വിനോദ് കുമാർ, മയ്യിൽ മേഖലാ സെക്രട്ടറി കെ.കെ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പി.വിജയൻ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ ബിന്ദു പീറ്റർ, വൈസ് ക്യാപ്റ്റൻ റിനീഷ് അരിമ്പ്ര എന്നിവർ ജാഥാംഗങ്ങളെ പരിചയപ്പെടുത്തി. മേഖലാ പ്രസിഡൻറ് ഡോക്ടർ രമേശൻ കടൂർ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ഗോവിന്ദൻ, കെ.സി പത്മനാഭൻ, പി.സൗമിനി ടീച്ചർ, സി.കെ അനൂപ് ലാൽ, സി.വി ശശീന്ദ്രൻ വി.പി ലക്ഷ്മണൻ, ജിഷ്ണു ,കെ.വി ഷിനോജ്, പവിത്രൻ കെ.എം തുടങ്ങിയവർ നേതൃത്വം നൽകി.

ജനുവരി 20 ന് കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ നിന്നും ആരംഭിച്ച സംസ്ഥാനതല നാടകയാത്രയാണ് കണ്ണൂർ ജില്ലയിൽ പര്യടനം നടത്തി വരുന്നത്. സ്കൂൾ ഓഫ് ഡ്രാമ തൃശൂരിലെ അരവിന്ദ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് എം എം സചീന്ദ്രൻ,ജി രാജശേഖരൻ എന്നിവർ ചേർന്നാണ്. കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 15 പേരാണ് ജാഥാംഗങ്ങൾ. ശാസ്ത്ര പുസ്തക പ്രചരണം വഴിയാണ് ജാഥാസ്ഥീകരണത്തിന് ആവശ്യമായ സാമ്പത്തികം കണ്ടെത്തിയത്.  

ഒരു മണിക്കൂർ നാടകാവതരണത്തിൽ സമകാലിക ഇന്ത്യയുടെ നേർചിത്രം വരച്ചു കാട്ടുന്നു.രാജ്യത്തിൻറെ അടിസ്ഥാന മൂല്യങ്ങൾ ആയ ജനാധിപത്യവും മതേതരത്വവും സമത്വവും സാഹോദര്യവും നിഷേധിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാഹചര്യം ആണ് ഇപ്പോൾ നാം നേരിടുന്നതെന്നും അതിനെ അതിജീവിക്കേണ്ടതുണ്ടെന്നും നാടകം ആഹ്വാനം ചെയ്യുന്നു പരിസ്ഥിതിയെ കണക്കിലെടുക്കാത്ത വമ്പൻ വികസന പദ്ധതികൾ നാളത്തെ തലമുറയെ പരിഗണിക്കാത്തതാണെന്ന് ഏതൊരു പദ്ധതിയും കൊണ്ടുവരുന്നതിനു മുൻപേ അത് നാളത്തെ തലമുറയെ എങ്ങനെ ബാധിക്കും എന്ന് കൂടി പരിശോധിക്കേണ്ടതാണെന്ന് നാടകത്തിൽ പറഞ്ഞുവെക്കുന്നു. ഇത്രയേറെസമൂഹം ആധുനികവൽക്കരിച്ചിട്ടും സ്ത്രീകളുടെ പദവി ഇപ്പോഴും പരിതാപകരമായി തന്നെ തുടരുകയാണെന്നും തീരുമാനമെടുക്കേണ്ട ജനാധിപത്യ വേദികളിൽ സ്ത്രീ പങ്കാളിത്തം കേവലം കുറവാണെന്നും ആരോഗ്യകരമായ സമൂഹസൃഷ്ടിക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ള വ്യത്യസ്ത ജെൻഡർ സമൂഹങ്ങളെ അംഗീകരിക്കുകയും അവർക്കുള്ള അവകാശങ്ങൾ സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് നാടകത്തിൽ ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്.



Previous Post Next Post