കണ്ണൂർ :- 2050 ലെ പത്രം എന്ന രീതിയിൽ പരസ്യം പ്രസിദ്ധീകരിച്ച് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കിയ മലയാളത്തിലെ പ്രമുഖ പത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനം. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ്, സുപ്രഭാതം തുടങ്ങിയ മലയാളം ദിനപത്രങ്ങളിലെ ഇന്നത്തെ ഒന്നാം പേജ് വാർത്ത കൊച്ചി ജെയിൻ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റി അതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ന്റെ പ്രചാരണാർത്ഥം സൃഷ്‌ടിച്ച സാങ്കൽപ്പിക വാർത്തകളായിരുന്നു.
എന്നാൽ സാങ്കൽപ്പിക വാർത്തകൾ ആണെന്ന് തിരിച്ചറിയാതെയാണ് ഭൂരിഭാഗം വായനക്കാരും ഇന്നത്തെ പത്രം വായിച്ചത്. ഇതിൽ ലീഡ് ന്യൂസായി കൊടുത്തിരിക്കുന്നത് രാജ്യം ഡിജിറ്റൽ കറൻസിയിലേക്ക് മാറി എന്ന വാർത്തയായിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്തെ പണമിടപാടുകൾ മുഴുവൻ ഡിജിറ്റൽ കറൻസിയിലേക്ക് മാറിഎന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചുവെന്നും ഫെബ്രുവരി ഒന്ന് മുതൽ സമ്പൂർണ നോട്ട് നിരോധനം നിലവിൽ വരുമെന്നും വാർത്തയിലുണ്ട്.
എന്നാൽ ഇത് സാങ്കൽപ്പികമാണെന്ന് മനസിലാകാതെ നിരവധി വായനക്കാർ പരിഭ്രാന്തരായതായി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. റിപ്പോർട്ടർ ചാനൽ ചീഫ് കറസ്പോണ്ടന്റ്റ് ആയ അരുൺ കുമാർ ഇന്നത്തെ പത്രവാർത്തകൾ വിശകലനം ചെയ്യുന്ന പ്രോഗ്രാമിൽ വെച്ച് മറ്റ് വാർത്തകളുടെ കൂടെ യഥാർത്ഥ വാർത്ത ആണെന്ന തരത്തിൽ നോട്ട് നിരോധനത്തിന്റെ വാർത്തയും വായിച്ചിരുന്നു. എന്നാൽ അബദ്ധം മനസിലാക്കിയ അരുൺ കുമാർ ഇത് പരസ്യമാണെന്ന് പിന്നീട് തിരുത്തി പറയുകയും ചെയ്തു.
ഇതിന് പുറമെ സെക്കൻ്റ് ലീഡ് ആയി കൊടുത്ത വാർത്ത ആദ്യ സമുദ്ര നഗരമായ ഓഷ്യാനസിലെ ഷെല്ലിൻ്റെ താക്കോൽ കൈമാറ്റം ശാസ്ത്രലോകം ആഘോഷമാക്കി എന്നതാണ്. ഇതിന് പുറമെ കേരളത്തിൻ്റെ മന്ത്രിസഭയിലെ ആദ്യ റോബോ മന്ത്രിയുടെ വാർത്തയും ഭൂമിയും ചൊവ്വയും തമ്മിലുള്ള ഫിഫ ഗോളാന്തര കപ്പ് ഫൈനലിൽ ഇരുവിഭാഗവും ജയിച്ചതിൻ്റെ വാർത്തയും ഒക്കെയുണ്ട്.