PSC പരീക്ഷാ കലണ്ടർ പ്രഖ്യാപിച്ചു ; വിവിധ തസ്തികകളുടെ സിലബസ് 15ന് പ്രസിദ്ധീകരിക്കും


തിരുവനന്തപുരം :- പുതിയ വർഷത്തെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. കഴി‍ഞ്ഞ ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്തതും ഇതിനകം പരീക്ഷകൾ നിശ്ചയിക്കാത്തതുമായ തസ്തികകളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്. പൊതു പ്രാഥമിക പരീക്ഷകൾ, ഒറ്റത്തവണ പരീക്ഷകൾ, മുഖ്യപരീക്ഷകൾ എന്നിവയുടെ സമയക്രമം ഇതിലുണ്ട്. കലണ്ടറിൽ ഉൾപ്പെട്ട എല്ലാ തസ്തികകളുടെയും സിലബസ് 15ന് പ്രസിദ്ധീകരിക്കും. മേയ് മുതൽ ജൂലൈ വരെ നടക്കുന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷയിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയും ഉൾപ്പെടും. 100 മാർക്ക് വീതമുള്ള 2 പേപ്പറുകൾ ഉൾപ്പെടുന്നതായിരിക്കം അസിസ്റ്റന്റ് തസ്തികയുടെ മുഖ്യപരീക്ഷ. ഇത് ഓഗസ്റ്റ് – ഡിസംബർ കാലയളവിൽ നടക്കും.

പ്രാഥമിക പരീക്ഷയുടെയും മുഖ്യപരീക്ഷയുടെയും സിലബസ് പരീക്ഷാ കലണ്ടറിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിരുദതല പൊതു പ്രാഥമിക പരീക്ഷയിൽ എസ്ഐ, എപിഎസ്ഐ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളും ഉൾപ്പെടും. ഇവയുടെ മുഖ്യപരീക്ഷയും ഓഗസ്റ്റ് – ഡിസംബർ കാലയളവിലാണ്. വിവിധ യൂണിഫോം തസ്തികകളിലെ പരീക്ഷകൾക്ക് ശേഷം നടക്കുന്ന കായികക്ഷമതാ പരീക്ഷകളുടെ സമയക്രമം ഇൗ മാസം 15 ന് പ്രസിദ്ധീകരിക്കും. കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷ മേയ് – ജൂലൈ മാസങ്ങളിലായി നടക്കും. മുഖ്യപരീക്ഷ ഓഗസ്റ്റ് –ഒക്ടോബർ മാസങ്ങളിലാണ്. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ളതാണു പ്രാഥമിക പരീക്ഷ. മുഖ്യപരീക്ഷയ്ക്ക് സബ്ജക്ട് മിനിമം നിർബന്ധമാണ്. എന്നാൽ, പ്രാഥമിക പരീക്ഷയ്ക്ക് ഈ നിബന്ധനയില്ല.

Previous Post Next Post