ന്യൂഡൽഹി :- 3 ടെലികോം കമ്പനികളും പുതിയ ‘കോൾ ആൻഡ് എസ്എംഎസ് ഒൺലി’ റീചാർജ് പ്ലാനുകളുടെ നിരക്ക് കുറച്ചു. പുതിയ പ്ലാനുകൾ അവതരിപ്പിച്ചെങ്കിലും നിരക്കിൽ കാര്യമായ കുറവുണ്ടായില്ലെന്ന ആക്ഷേപങ്ങളെത്തുടർന്ന് പ്ലാനുകൾ പരിശോധിക്കുമെന്ന് ട്രായ് അറിയിച്ചിരുന്നു. എയർടെൽ ആണ് ആദ്യം കുറച്ചത്. 84 ദിവസം വലിഡിറ്റിയുള്ള കോൾ, എസ്എംഎസ് മാത്രമുള്ള പ്ലാനിൽ 30 രൂപയും ഒരു വർഷം വലിഡിറ്റിയുള്ള പ്ലാനിൽ 110 രൂപയും കുറച്ചു. ഏകദേശം 6 ശതമാനത്തോളം കുറവാണ് വരുത്തിയത്.
ഇന്റർനെറ്റ് കൂടി ഉൾപ്പെട്ട പ്ലാനിനെക്കാൾ 8% നിരക്കു കുറഞ്ഞു. ആദ്യഘട്ടത്തിൽ 2% കുറവ് മാത്രം നൽകാൻ കമ്പനികൾ തയാറായതാണ് പ്രതിഷേധത്തിനു കാരണമായത്. റിലയൻസ് ജിയോ 84 ദിവസത്തെ പ്ലാനിൽ 30 രൂപയും വാർഷിക പ്ലാനിൽ 210 രൂപയും കുറച്ചു. ഒപ്പം വാലിഡിറ്റിയിൽ 29 ദിവസം കുറയ്ക്കുകയും ചെയ്തു. എയർടെലിനു സമാനമായ പുതിയ 2 പ്ലാനുകളാണ് വോഡഫോൺ–ഐഡിയ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊണ്ടുവന്ന 1,460 രൂപയുടെ പ്ലാൻ പിൻവലിക്കുകയും ചെയ്തു.