പാലക്കാട് :- പത്തുവർഷത്തിനിടെ കൃഷിച്ചെലവു കുത്തനെ കൂടി. വിത്തിനും വളത്തിനും വില ഇരട്ടിയായി. തൊഴിലാളികളുടെ കൂലിയും കൂടി. എന്നിട്ടും വന്യമൃഗം കാരണമുള്ള കൃഷിനാശത്തിന് വനംവകുപ്പ് നൽകുന്നത് 10 വർഷം മുൻപു പ്രഖ്യാപിച്ച തുക. 2015 ജനുവരി എട്ടിനാണ് വകുപ്പ് നഷ്ടപരിഹാരം കൂട്ടിയ ഉത്തരവിറക്കിയത്. ഉത്തരവുപ്രകാരം ഒരു ഹെക്ടറിലെ നെൽക്കൃഷി വന്യമൃഗങ്ങൾ നശിപ്പിച്ചാൽ 11,000 രൂപയാണു നഷ്ടപരിഹാരം. അതായത് ഒരു ഏക്കറിന് ഏതാണ്ട് 25000 രൂപ. എന്നാൽ, ഒരേക്കറിൽ നെൽക്കൃഷി ചെയ്യാൻ 30,000- 35,000 രൂപവരെ ചെലവാകുമെന്ന് കർഷകർ പറയുന്നു.
പൊട്ടാഷിന് 10 വർഷം മുൻപ് 360 രൂപ ആയിരുന്നത് ഇപ്പോൾ 1700 രൂപ യായി. മിശ്രിതവളം 300 രൂപയിൽ നിന്ന് 500 ആയി. ഇത്തവണ സബ്‌സിഡി കുറച്ചതിനാൽ കൃഷിച്ചെലവ് ഇനിയും ഉയരുമെന്ന് കർഷകർ പറയുന്നു.വാഴ കുലച്ചതിന് 110-ഉം കുലയ്ക്കാത്തതിന് 83 രൂപയു മാണ് നഷ്ടപരിഹാരം. എന്നാൽ, ഒരു വാഴയ്ക്ക് 250 രൂപയെങ്കിലും കൃഷിച്ചെലവുവരുമെന്ന് കർഷകർ പറയുന്നു. കിഴങ്ങുവർഗങ്ങളും കരിമ്പുമടക്കം 35 ഇനങ്ങൾക്കാണ് നഷ്ട പരിഹാരം നൽകുന്നത്. കൃഷി വകുപ്പും റവന്യൂ വകുപ്പും നൽകുന്ന തുകയുടെ നിശ്ചിത ശതമാനം വർധിപ്പിച്ചാണു വനംവകുപ്പ് നഷ്ടപരിഹാരം നൽകുന്നത്.
2012-ൽ റവന്യൂവകുപ്പ് വർധിപ്പിച്ച തുകയുടെ 10 ശതമാനം കൂട്ടിയാണ് വനംവകുപ്പ് നഷ്ടപരിഹാരത്തുക കണക്കാക്കിയത്. 2009-ൽ നെൽക്കൃഷിയുടെ നഷ്ട പരിഹാരം ഹെക്ടറിന് 4000 രൂപയായിരുന്നത് 2012-ൽ റവന്യൂ വകുപ്പ് ഒറ്റയടിക്ക് 10,000 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ, 2015 -ൽ വനംവകുപ്പ് 1000 രൂപ മാത്രമാണ് വർധിപ്പിച്ചത്.കുലയ്ക്കാത്തതിന് 385 രൂപയുമാണു വകുപ്പ് നൽകുന്നത്. ഒരു ഹൈബ്രിഡ് തൈക്ക് 400 രൂപയാണ് വില. ഒരു കുഴിയെടുക്കാൻ 40 രൂപ നൽകണം. മൂന്നുമാസം കൂടുമ്പോൾ വളം നൽകാനുള്ള ചെലവും കീടനാശിനിച്ചെലവും വേറെ. ജലസേചനത്തിനും വേണം നല്ലൊരു തുക. ഒരേക്കറിൽ പച്ചക്കറി കൃഷിചെയ്യാൻ നാലുലക്ഷം രൂപ ചെലവാകും. നഷ്ടപരിഹാരം 10 സെൻറിന് 220 രൂപയാണ്. ഒരേക്കറിന് 2200 രൂപ. മുൻപ് ഒരു ലക്ഷം രൂപയ്ക്ക് ഒരേക്കറിൽ കൃഷി നടത്താമായിരുന്നു. കൃഷി ഹൈബ്രിഡ് ആയതോടെ വിത്തിന് മൂന്നിരട്ടി വിലയായി.
2015-ൽ ഒരു റബർ മരത്തിന് ഏഴു വർഷത്തേക്ക് 2000-2500 രൂപയായിരുന്നു ചെലവ്. ഇന്നത് ഇരട്ടിയായി. നഷ്ടപ രിഹാരം, ടാപ്പ് ചെയ്യുന്ന മരത്തിന് 330-ഉം അല്ലാത്തതിന് 220 രൂപയുമാണ്. ഒരു കുരുമുളക് ചെടിക്ക് മൂന്നുവർഷത്തേക്ക് 800-1000 രൂപ ചെലവുവന്നയിടത്ത് ഇന്ന് ഇരട്ടിയായി. നഷ്ടപരിഹാരം 83 രൂപയാണ്. നഷ്ടപരിഹാര അപേക്ഷ നൽകിയാലും തുക കിട്ടാനും ഏറെ കാത്തിരിക്കണം. 2010-11 വർഷം സംസ്ഥാനത്ത് കൃഷി നാശം സംബന്ധിച്ച് 3965 പരാതികളാണ് റിപ്പോർട്ട് ചെയ്തത്. 2023-'24-ൽ 8141 പരാതികൾ രജിസ്റ്റർ ചെയ്തു. 2024-'25 വർഷം 2503 പരാതികളാണ് ലഭിച്ചത്. നഷ്ടപരിഹാരത്തുക തുച്ഛമായതിനാലും കാത്തിരിപ്പ് കൂടുന്നതിനാലുമാണു പരാതികൾ കുറയുന്നതെന്ന് കർഷകർ പറഞ്ഞു.