തിരുവനന്തപുരം :- സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിൽ ശമ്പളം പോലുമില്ലാതെ വർഷങ്ങളായി നിയമനാംഗീകാരം കാത്തുകഴിയുന്നത് 16,000 അധ്യാപകർ. പണം കടം വാങ്ങിയും മറ്റുംഇവർ സ്‌കൂളിൽ പോകുന്നത് എന്നെങ്കിലും അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, കോടതിവിധികൾ വൈകുന്നതും സർക്കാർ തീരുമാനമെടുക്കാൻ മടിക്കുന്നതും കാരണം ഇവരുടെ അംഗീകാരം അനന്തമായി നീളുകയാണ്.
4% ഭിന്നശേഷിസംവരണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്ന സ്‌കൂളുകളിലെ അധ്യാപകർക്കു മാത്രമാണ് ഇപ്പോൾ സർക്കാർ സ്‌ഥിര നിയമനാംഗീകാരം നൽകുന്നത്. സംവരണം നടപ്പാക്കാത്ത സ്കൂളുകളിലെ അധ്യാപകർക്ക് ദിവസവേതന അംഗീകാരം മാത്രമാണുള്ളത്. ഇതും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പിടിച്ചുവയ്ക്കുകയാണെന്നാണ് മാനേജ്‌മെന്റുകളുടെ ആരോപണം. മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി നിയമനത്തിന് യോഗ്യരായ ഉദ്യോഗാർഥികളെ കിട്ടാനില്ലെന്നാണ് മാനേജ്മെന്റുകളുടെ പരാതി. അവർക്കായി സീറ്റ് ഒഴിച്ചിടാമെന്നും ഇതു കണക്കിലെടുത്ത് മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നുമുള്ള ആവശ്യം സർക്കാർ അംഗീകരിക്കുന്നുമില്ല.