ഒരുമിച്ചിരുന്ന് സ്നേഹസദ്യയുണ്ണും, ഒപ്പം കളിക്കളവുമൊരുങ്ങും ; ഇത് 'തായംപൊയിൽ മാതൃക'


മയ്യിൽ :- ഒരേ പന്തിയിലിൽ ഒരുമിച്ചിരുന്നുണ്ട്‌ പുതുതലമുറകൾക്കായി കളിക്കളമൊരുക്കുകയാണ്‌ തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം. ജനപങ്കാളിത്ത വികസനമെന്ന ആശയത്തിന്‌ പുതുവഴികൾ തേടുകയാണ്‌ തായംപൊയിൽ നാട്. നാടിനുവേണ്ടി കളിക്കളമൊരുക്കുകയെന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുവെപ്പായാണ് വിഭവസമൃദ്ധമായ സ്‌നേഹസദ്യയൊരുക്കി ക്ഷണിക്കുന്നത്.  

തായംപൊയിൽ എഎൽപി സ്‌കൂളിനോട്‌ ചേർന്ന്‌ മൈതാനം നിർമിക്കാൻ വാങ്ങിയ 27 സെന്റ്‌ സ്ഥലത്ത്‌ ഫെബ്രുവരി 23ന് ഒരുക്കുന്ന സ്നേഹസദ്യയിൽ മൂവായിരത്തോളം പേർ പങ്കാളിയാകും. കായികമന്ത്രി വി.അബ്‌ദുറഹിമാൻ ഓൺലൈനായി സ്‌നേഹസദ്യ ഉദ്‌ഘാടനം ചെയ്യും. മുൻ ഇന്ത്യൻ വോളി ടീം ക്യാപ്‌റ്റൻ ഇ കെ കിഷോർ കുമാർ മൾട്ടിപർപ്പസ്‌ മിനി സ്‌റ്റേഡിയത്തിന്റെ രൂപരേഖ പ്രകാശിപ്പിക്കും. ദേശീയ ഗെയിംസിൽ ജേതാക്കളായ കേരള ഫുട്‌ബോൾ ടീം അംഗം സച്ചിൻ സുനിൽ രൂപരേഖ ഏറ്റുവാങ്ങും. ജനപ്രതിനിധികളും കലാസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും അതിഥികളായെത്തും. രാവിലെ 11 മുതൽ മൂന്നുവരെയാണ്‌ സദ്യ വിളമ്പുക.

കഴിഞ്ഞ ആഗസ്തിലാണ് ലൈബ്രറി കളിക്കളം നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കമിടുന്നത്‌. സ്ഥലം വാങ്ങി രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി. ഭൂമിയ്‌ക്കും പ്രാഥമിക വികസന പ്രവർത്തനങ്ങൾക്കുമായി 60 ലക്ഷം രൂപ വേണം. ഈ തുക ജനകീയമായാണ് സമാഹരിക്കുന്നത്‌. ഇതിനുള്ള ബഹുമുഖ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ സ്‌നേഹസദ്യ. സമീപ പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങളും സ്‌നേഹസദ്യയുടെ ഭാഗമാകും. വടകര, തലശേരി താലൂക്കുകളിൽ പണ്ടുകാലത്തുണ്ടായിരുന്ന കുറിക്കല്യാണം മാതൃകയിൽ ക്ഷണിക്കപ്പെട്ടവർ ഇഷ്ടമുള്ള തുക കളിക്കളത്തിനായി സംഭാവന നൽകും. 

ഭൂമി വാങ്ങുന്നതിനായി 900 കുടുംബങ്ങൾ പങ്കാളിയായി 26മാസം നീളുന്ന സമ്മാനനിധി പുരോഗമിക്കുക. നേരത്തെ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരുന്നു. നാടിന്റെ ബഹുമുഖ ആവശ്യങ്ങൾ നിറവേറ്റുന്ന ഇടമായാണ്‌ മൈതാനത്തെ വിഭാവനം ചെയ്യുന്നത്‌. സാംസ്‌കാരിക പരിപാടികൾക്ക്‌ ഉൾപ്പടെ പ്രയോജനപ്പെടുത്തും വിധം ആംഫി തീയറ്റർ, ഓപ്പൺ ജിംനേഷ്യം എന്നിവ സജ്ജമാക്കും.  

പ്രവർത്തകർ ഓരോ വീടുകളിലുമെത്തി ക്ഷണപത്രം നൽകിയാണ് സ്നേഹസദ്യയിലേക്ക് കുടുംബങ്ങളെ ക്ഷണിക്കുന്നത്‌. സദ്യയൊരുക്കാനുള്ള കാർഷിക വിഭവങ്ങളും മറ്റും നാട്ടുകാരിൽ നിന്ന്‌ സംഭാവനയായും സ്വീകരിക്കും. ഭക്ഷണപ്പുരയിൽ സ്വയം സന്നദ്ധരായ ഇരുന്നൂറോളം യുവതീയുവാക്കളാണ്‌ ഉണ്ടാവുക. സ്നേഹസദ്യ പന്തലിൽ പകൽ 11 മുതൽ മൂന്നുവരെ പ്രശസ്‌ത ഗായകൻ ഷൈൻ വെങ്കിടങ്ങും സംഘവും അവതരിപ്പിക്കുന്ന ‘മധുരസംഗീതം’ അരങ്ങേറും.  

ലൈബ്രറിയുടെ വാർഷിഷികാഘോഷം ഫെബ്രുവരി 24 ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. ഒമ്പതാമത് എൻ ഉണ്ണികൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം സാന്ത്വന പ്രവർത്തകൻ കുതിരയോടൻ രാജന് ഐസക് സമ്മാനിക്കും. നടൻ പി പി കുഞ്ഞികൃഷ്‌ണൻ മുഖ്യാതിഥിയാകും. തുടർന്ന്‌ ഭാവന ഡാൻസ്‌ സ്‌കൂൾ ഒരുക്കുന്ന ആട്ടം നൃത്തസന്ധ്യയും കേരള നാടൻകലാ അക്കാദമിയുടെ സഹകരണത്തോടെ ഫോക്‌ക്യാറ്റ്‌സ്‌ ഒരുക്കുന്ന ‘ഫോക്‌റാവോ’ ഫോക്‌ബാൻഡും അരങ്ങേറും.

Previous Post Next Post