തിരുവനന്തപുരം ∙ വനത്തിനു പുറത്തു പാമ്പുകടിയേറ്റു മരണമുണ്ടായാൽ ആശ്രിതർക്ക് ഇനി നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. നിലവിൽ രണ്ടു ലക്ഷം രൂപയാണ് വനം വകുപ്പ് നൽകുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപയും ഈ നിധിയിൽ നിന്നു ലഭിക്കും.
മനുഷ്യ- വന്യജീവി സംഘർഷത്തിൽ സഹായം അനുവദിക്കുന്നതിനു പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിച്ചു. വന്യമൃഗ ആക്രമണത്തിൽ കിണറുകൾ, മതിൽ, വേലികൾ, എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാലാണ് പരമാവധി ഒരു ലക്ഷം രൂപ അനുവദിക്കുക.