കണ്ണൂർ :- പ്ലാറ്റ്ഫോമുകളുടെ ഉയരം 84 സെന്റീമീറ്ററാക്കി ഏകീകരിക്കാൻ റെയിൽവേ. നിലവിൽ ഭൂരിഭാഗം സ്റ്റേഷനുകളിലും പാളത്തിൽനിന്ന് പ്ലാറ്റ്ഫോം നിരപ്പിലേക്കുള്ള ഉയരം 74 സെന്റീമീറ്ററാണ്. അതിൽ കുറവ് ഉയരമുള്ളവയുമുണ്ട്. പ്ലാറ്റ്ഫോം നിലവും തീവണ്ടിനിരപ്പും തമ്മിലുള്ള വിടവ് കുറയുമെന്ന താണ് പ്രധാന നേട്ടം. നിലവിൽ ലിങ്ക് ഹോഫ്‌മാൻ ബുഷ് (എൽ.എച്ച്.ബി) കോച്ചുകൾക്ക് തീവണ്ടിനിരപ്പ് അല്പം കൂടുതലാണ്.
നിലവിൽ പ്ലാറ്റ്ഫോം ഉയരം കുറവായതിനാൽ സ്ത്രീകൾക്കും വയോധികർക്കും ഉൾപ്പെടെ വണ്ടിയിൽ കയറാനും ഇറങ്ങാനും പ്രയാസമായിരുന്നു. റെയിൽവേ സ്റ്റേഷനുകളിൽ 'ഓടിക്കയറൽ' മൂലമുണ്ടാകുന്ന ദുരന്തം കുറയ്ക്കാം. കണ്ണൂരിൽ പ്ലാറ്റ്ഫോം ഉയർ ത്താൻ പ്രവൃത്തി ടെൻഡർ നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പണി തുടങ്ങും. ഒന്നാം നമ്പർ പ്ലാറ്റ്ഫോം ഉൾപ്പെടെ ഉയരം കൂട്ടും. ഈ വർഷം പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വീണ് മരണവും അപകടവും കൂടുതൽ നടന്നത് കണ്ണൂർ സ്റ്റേഷനിലായിരുന്നു.