റാഗിങ് വേണ്ട ; റാഗിങ്ങിനെതിരേ കുട്ടികളെ ബോധവത്കരിക്കാൻ ഇനി അമ്മമാരുടെ കൂട്ടായ്മയും


കൊച്ചി :- റാഗിങ്ങിനെതിരേ കുട്ടികളെ ബോധവത്കരിക്കാൻ ഇനി അമ്മമാരുടെ കൂട്ടായ്മയും. അധ്യാപക -രക്ഷാകർത്തൃ സംഘടനകൾക്ക് പുറമേയാണ് സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളിൽ മാതൃസംഘടനകൾ രൂപവത്കരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ഉടൻ തുടക്കമാകുമെന്ന് നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു. 

കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ് ഇത് തീരുമാനമായത്. കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഈ കൂട്ടായ്മയിലൂടെ സാധിക്കും. വിദഗ്ധരെ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും ഇന്ദിരാ രാജൻ പറഞ്ഞു. എറണാകുളത്ത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ റാഗിങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ കൂടുതൽ സജീവമാണിപ്പോൾ. റാഗിങ്ങും ബോഡി ഷെയ്മിങ്ങും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പല സ്‌കൂളുകളും വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

റാഗിങ്ങിനെതിരേ സർക്കാരും സി.ബി.എസ്.ഇയും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അത് സ്കൂളുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ടെന്നും കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ പറഞ്ഞു.

Previous Post Next Post