കാഞ്ഞങ്ങാട്:- ഉത്തർപ്രദേശ് സ്വദേശികളായ മുകേഷ്-പൂജ ദമ്പതികളുടെ മൂത്ത മകൾ കാശിഷ് മുകേഷിന് കണ്ണൂർ സർവകലാശാല കലോത്സവം ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം. സനാതന ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അവസാന വർഷ ബി കോം വിദ്യാർഥിയാണ് കാശിഷ്.
വെള്ളിക്കോത്ത് വാടക വീട്ടിലാണ് കാശിഷിന്റെയും കുടുംബത്തിന്റെയും താമസം. വാടക വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് കാശിഷ് ചൊവ്വാഴ്ച മാറും.കോളേജ് എൻ എസ് എസിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ച് നൽകുന്നത്. സനാതന ട്രസ്റ്റാണ് പഠിപ്പിക്കുന്നത്. കോട്ടപ്പാറയിലാണ് പുതിയ വീട്.
സഹപാഠികളും അധ്യാപകരും ഉൾപ്പെടെ ഉച്ചക്ക് വീട്ടിലെത്തും. എന്നാൽ കാശിഷിന് അധികം സമയമില്ല. വൈകിട്ട് ഡൽഹിയിലേക്ക് പോകണം.ന്യൂഡൽഹിയിൽ നടക്കുന്ന അന്തർ സർവകലശാല ഡിബേറ്റിൽ കണ്ണൂർ സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് കാശിഷാണ്.കാശിഷിന്റെ അമ്മ പൂജക്ക് തുന്നൽ പണിയാണ്. കാശിഷ് മലയാളം എഴുതും വായിക്കും. ആറ് സഹോദരങ്ങളുണ്ട്. ജോലിയാണ് ഇനി ലക്ഷ്യമെന്ന് കാശിഷ് പറഞ്ഞു.