പാതിവില തട്ടിപ്പ് ; മൂന്ന് രാഷ്ട്രീയ പ്രവർത്തകർക്ക് കോടികൾ കൈമാറിയതായി മുഖ്യപ്രതി അനന്തു കൃഷ്ണൻ


കൊച്ചി :- മൂന്നു രാഷ്ട്രീയ നേതാക്കൾക്കും ഒരു സാമൂഹിക പ്രവർത്തകനും അടുത്തിടെ 6.46 കോടി രൂപ കൈമാറിയതായി പാതിവില തട്ടിപ്പു കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ പൊലീസിനു മൊഴി നൽകി. ഇടുക്കിയിലെ സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്കു 2 കോടി രൂപയും ഒരു കോൺഗ്രസ് ജനപ്രതിനിധിയുടെ ഓഫിസിലെ 2 പേരുടെ അക്കൗണ്ടുകളിലേക്കു 2 കോടി രൂപയും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകന്റെ അക്കൗണ്ടിലേക്കു 2 കോടി രൂപയും എറണാകുളത്തെ വനിതാ നേതാവിന്റെ അക്കൗണ്ടിലേക്കു 46 ലക്ഷം രൂപയും കൈമാറിയെന്നാണ് മൊഴി. മൊഴികളിലെ വസ്തുത പരിശോധിക്കുന്ന അന്വേഷണ സംഘം പണം കൈപ്പറ്റിയ 5 പേരെയും ചോദ്യം ചെയ്യാനുള്ള അനുവാദത്തിനായി കാക്കുകയാണ്. സംസ്ഥാനാന്തര ബന്ധങ്ങൾ പുറത്തുവരുന്ന തട്ടിപ്പു സംബന്ധിച്ച വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറും.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ബിജെപി നേതാക്കൾക്കെതിരെ മാത്രമാണ് ആരോപണം ഉയർന്നതെങ്കിൽ രണ്ടാംഘട്ടത്തിൽ സിപിഎം, കോൺഗ്രസ് നേതാക്കളിലേക്കും സംശയത്തിന്റെ മുന നീളുന്നു. പാതിവില തട്ടിപ്പിലൂടെ നേടിയ പണമാണു കൈമാറിയതെന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നു എറണാകുളം റൂറൽ എസ്പി: ഡോ.വൈഭവ് സക്സേന പറഞ്ഞു. തൊടുപുഴ കുടയത്തൂർ അമ്പലം, കുടയത്തൂർ പാലം എന്നിവയ്ക്കു സമീപവും ഈരാറ്റുപേട്ടയിലും മുട്ടത്തും അനന്തു കൃഷ്ണൻ ഭൂമി വാങ്ങിയതിന്റെ രേഖകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ മുഖേന പാതിവില തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.

പുലാമന്തോൾ സ്വദേശിയായ വിദ്യാർഥിനി നൽകിയ പരാതിയിലാണു കേസ്. നജീബ് കാന്തപുരവും അങ്ങാടിപ്പുറം കിസാൻ സർവീസ് സൊസൈറ്റി പ്രസിഡന്റ് പി.എം.ഡാനിമോനും നൽകിയ വ്യത്യസ്ത പരാതികളിൽ നാഷനൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ ആനന്ദകുമാർ, സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണൻ എന്നിവർക്കെതിരെയും കേസെടുത്തു. ജനങ്ങൾക്ക് സഹായമെത്തിക്കാൻ ഉദ്ദേശിച്ച് ചെയ്‌ത കാര്യത്തിൽ എന്തു ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണെന്ന് നജീബ് കാന്തപുരം പറഞ്ഞു. പദ്ധതിയുടെ പേരിൽ ഒരു സാമ്പത്തിക താൽപര്യവും ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയ പണം അന്നു തന്നെ ബന്ധപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നെന്നും നജീബ് പറഞ്ഞു

Previous Post Next Post