കണ്ണൂർ :- സംസ്ഥാന ബജറ്റിൽ ജില്ലയിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടെങ്കിലും നീക്കിവച്ചതു നാമമാത്രമായ തുക. അഴീക്കലിലെ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതി സംബന്ധിച്ച പരാമർശമേയില്ല. നിലവിലെ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 7 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
ഡ്രജിങ് ഉൾപ്പെടെ അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികൾക്ക് ഈ തുക മതിയാവില്ല. കണ്ണൂർ വിമാനത്താവളത്തിൽ ഹജ് ഹൗസിന് 5 കോടി ലഭിച്ചതു നേട്ടമായി. അതേസമയം, വിമാനത്താവള വികസനത്തിന് എന്ന പേരിൽ ബജറ്റിൽ ഉൾക്കൊള്ളിച്ച തുക യഥാർഥത്തിൽ വികസന പദ്ധതികൾക്കു പ്രയോജനപ്പെടില്ല. മുൻകാലങ്ങളിൽ നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട കുടിശിക തീർക്കാൻ മാത്രമേ ഈ തുക തികയൂ. റൺവേ നീട്ടുന്നതിനായുള്ള ഭൂമി ഏറ്റെടുക്കലിനും ചില്ലിക്കാശ് നീക്കിവച്ചിട്ടില്ല.
130 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ധർമടത്തെ ഗ്ലോബൽ ഡെയറി വില്ലേജ് പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2019ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതിക്കു കഴിഞ്ഞ സാമ്പത്തിക വർഷം 5.11 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ ചെലവിട്ടത് 26.6 ലക്ഷം രൂപ മാത്രം.
ഐടി പാർക്കിനു കിഫ്ബിയിൽനിന്ന് 293.22 കോടി രൂപ അനുവദിച്ചതും സയൻസ് പാർക്കിന് 25 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതും ബജറ്റ് പ്രസംഗത്തിൽ പറയുന്നുണ്ടെങ്കിലും ഇവ മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികളാണ്.
311 കോടി രൂപ ചെലവ് കണക്കാക്കിയ കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രത്തിനും ഇത്തവണ കാര്യമായ പരിഗണനയില്ല. നാടുകാണിയിൽ പ്രഖ്യാപിച്ച സൂ സഫാരി പാർക്കിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കാൻ ഒരു കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ചലച്ചിത്ര വികസന കോർപറേഷന്റെ തിയറ്റർ സമുച്ചയം പാലയാട് നിർമിക്കുമെന്നു പ്രഖ്യാപിച്ചത് ആഹ്ലാദകരമാണ്. എന്നാൽ മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പയ്യന്നൂരിലെയും ഇരിട്ടി കല്ലുമുട്ടിയിലെയും തിയറ്ററുകൾ ഇതുവരെ യാഥാർഥ്യമായിട്ടില്ല.
പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതിക്ക് 10 കോടി രൂപ നീക്കിവച്ചതു പദ്ധതി പൂർത്തീകരിക്കാൻ ഗുണകരമാകുമെന്നാണു പ്രതീക്ഷ. 2017ൽ തുടങ്ങിയ നിർമാണത്തിനു കഴിഞ്ഞ ബജറ്റിലും 10 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രവൃത്തി മുടങ്ങിക്കിടക്കുകയാണ്. പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെയും ശാഖാ കനാലിന്റെയും വിതരണ ശൃംഖലയുടെയും നവീകരണ പദ്ധതിക്ക് 13 കോടി വകയിരുത്തിയിട്ടുണ്ട്.
∙ കണ്ണൂർ സർവകലാശാലയുടെ കീഴിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക്– 34 കോടി.
∙ തളിപ്പറമ്പ് മണ്ഡലത്തിൽ സൂക്ഷ്മ നീർത്തട പദ്ധതികൾക്ക് – 4 കോടി.
∙ റബ്‌കോയുടെ നവീകരണം, പ്രവർത്തന മൂലധനം എന്നിവയ്ക്ക് – 10 കോടി.
∙ തലശ്ശേരി കടൽപ്പാലം നവീകരണം –10 കോടി.
∙ പിണറായിയിൽ ബഹുമുഖ സംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാൻ – 50 ലക്ഷം.
∙ തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്‌കൂളിനും കണ്ണൂർ സ്പോർട്സ് ഡിവിഷനും – 14.50 കോടി.
. കണ്ണൂർ ഉൾപ്പെടെ ജില്ലാ ആശുപത്രികളിൽ സ്ട്രോക്ക് യൂണിറ്റ്
∙ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ആധുനിക ഇമേജിങ് സൗകര്യങ്ങൾക്ക് – 15 കോടി.
∙ തലശ്ശേരി മലബാർ കാൻസർ സെന്ററിന് – 35 കോടി.