കോഴിക്കോട് :- കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച അപകടത്തിൽ ക്ഷേത്രകമ്മിറ്റിക്കെതിരെ കൊയിലാണ്ടി പൊലീസ് 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തു. എഴുന്നള്ളത്തിലെ വീഴ്ചയിൽ വിശദപരിശോധന തുടരും. അതിനിടെ കോഴിക്കോട്ടെ ഒരാഴ്‌ചത്തെ ആന എഴുന്നള്ളിപ്പുകൾ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി റദ്ദ് ചെയ്തു. ആന എഴുന്നള്ളിപ്പിന് നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
കൊയിലാണ്ടിയിൽ ആനയെ എഴുന്നള്ളിച്ചതിൽ ചട്ടലംഘനം ഉണ്ടായെന്നും നാട്ടാന പരിപാലന നിയമം ലംഘിച്ചെന്നും ഫോറസ്‌റ്റ് കൺസർവേറ്റർ ആർ.കീർത്തി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടപടിക്ക് ശുപാർശ ചെയ്തെന്നും റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറിയെന്നും എഡിഎം മുഹമ്മദ് റഫീഖും അറിയിച്ചിരുന്നു. അതേസമയം, ആനകളെ എഴുന്നളിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും മതിയായ അകലം പാലിച്ചിരുന്നുവെന്നുമാണ് ക്ഷേത്രകമ്മിറ്റിയുടെ വിശദീകരണം.