കണ്ണൂർ :- മെഡിക്കൽ ഷോപ്പ് തൊഴിലാളികൾക്കുള്ള പുതിയ മിനിമം വേതന ഉത്തരവ് സ്ഥാപന ഉടമകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരത്തിലേക്ക്. തൊഴിലാളികൾക്ക് മിനിമം വേതനം ഉൾപ്പെടെ നിയമമനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾക്ക് യൂണിയൻ തയ്യാറാകുമെന്നും ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ ജില്ലാ ഭാരവാഹിയോഗം അറിയിച്ചു. 2024 നവംബറിലാണ് മിനിമം വേതനം പുതുക്കി ഉത്തരവിറക്കിയത്.
ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം എല്ലാ തൊഴിലാളികൾക്കും നൽകമെന്ന് തൊഴിൽ വകുപ്പ് നിർദേശിച്ചിട്ടും സ്ഥാപന ഉടമകൾ തൊഴിലാളികളെ ഭീഷണിപ്പെടുത്തി മിനിമം വേതനം തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് നിർബന്ധപൂർവം ഒപ്പുവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചില സ്ഥാപന ഉടമകൾ തൊഴിലാളികളുടെ അക്കൗണ്ടിൽ മിനിമം വേതനം നിക്ഷേപിക്കുകയും അതിനുശേഷം മാനേജ്മെന്റ് തീരുമാനിച്ച തുകയിൽ നിന്ന് അധികം വരുന്ന തുക തൊഴിലാളികളിൽനിന്ന് വസൂലാക്കുന്ന രീതിയും നടക്കുന്നുണ്ടെന്ന് യോഗം ആരോപിച്ചു. പ്രസിഡൻ്റ് പി.ഹരീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വി ബാലകൃഷ്ണൻ, പി.ഹരിദാസൻ, പി.പി രാജേഷ്, എം.കെ സുജിത്ത്, വി.കെ രേഷ്മ എന്നിവർ സംസാരിച്ചു.