പഴ വിപണി കുതിക്കുന്നു ; നേന്ത്രപ്പഴത്തിന് പൊള്ളുന്ന വില


കാസർഗോഡ് :- ഉത്പാദനം കുറഞ്ഞതോടെ സർവ്വകാല റെക്കോഡിലേക്കുയർന്ന് നേന്ത്രപ്പഴം വില. കിലോയ്ക്ക് 50-നും 70-നും ഇടയിൽ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 80 മുതൽ 95 വരെയാണ് പൊതു വിപണിയിലെ വില. നാട്ടിൻപുറങ്ങളിൽ ചിലയിടങ്ങളിൽ കർഷകർ നേരിട്ടെത്തിക്കുന്ന നേന്ത്രപ്പഴം കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ വിളവ് കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന പഴങ്ങളാണ് ലഭിക്കുന്നതിലേറെയും. നാടൻപഴങ്ങൾ എത്താത്തതും വിപണി വില വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിനൊപ്പം ഇതര പഴവർഗങ്ങളുടെയും വില വർധിച്ചിട്ടുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന റംസാൻ വിപണി ലക്ഷ്യമിട്ടാണ് പഴവർഗങ്ങളുടെ വില കൂടുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.

മൊത്ത വിപണിയിൽ നേന്ത്രപ്പഴത്തിന് 60 മുതൽ 70 രൂപ വരെയാണ് കിലോയ്ക്ക് വില. കദളിപ്പഴത്തിനും വില വർധിച്ചിട്ടുണ്ട്. മൈസൂർപ്പഴം കിലോയ്ക്ക് 60 രൂപയ്ക്കാണ് ലഭിക്കുന്നത്. നേന്ത്രപ്പഴത്തിന് ഇത്രയും വില ആദ്യമായിട്ടാണെന്നാണ് പഴം-പച്ചക്കറി വ്യാപാരികൾ പറയുന്നത്. 2023-ൽ ഇതേ കാലയളവിൽ നേന്ത്രപ്പഴത്തിന് 70 വരെ എത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ഓണ വിപണിയിൽ കിലോയ്ക്ക് 60-65 നിരക്കിൽ പഴം ലഭിച്ചിരുന്നു. കേരളത്തിലേക്ക് പ്രധാനമായും നേന്ത്രപ്പഴം എത്തുന്നത് തമിഴ്‌നാട്ടിലെ തേനി, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി ജില്ലകളിൽ നിന്നും കർണാടകയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുമാണ്. ഇവിടങ്ങളിലും ഉത്പാദനത്തിൽ ഇടിവുണ്ടായതായതോടെ പഴങ്ങളെത്തുന്നില്ല. ഇതാണ് വിലവർധനക്കിടയാക്കിയതെന്ന് മൊത്തവ്യ പാരികൾ പറയുന്നു.

നേന്ത്രപ്പഴത്തിന്റെ വില കൂടിയതോടെ ചിപ്സ് ഉൾപ്പെടെ അനുബന്ധ ഉത്പന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ആപ്പിൾ 140 മുതൽ 300 രൂപയുള്ള ഇനങ്ങൾ വിപണിയിൽ ലഭിക്കുന്നുണ്ട്. പച്ചമുന്തിരി 80-100, കറുത്ത മുന്തിരി 70-90, മുസംബി 70-100, അനാർ 280-300, പേരയ്ക്ക 120, പപ്പായ 50 എന്നിങ്ങനെയാണ് വിപണി വില. ഓറഞ്ചിനു മാത്രമാണ് വിലക്കുറവുള്ളത് കിലോയ്ക്ക് 40 രൂപമുതൽ 80 വരെ നിരക്കിൽ ലഭിക്കുന്നുണ്ട്. റംസാൻ മാസം ഏറ്റവും കൂടുതൽ ചെലവ് പ്രതീക്ഷിക്കുന്ന തണ്ണിമത്തന് കിലോയ്ക്ക് 25 മുതൽ 35 രൂപ വരെയാണ് വില.

Previous Post Next Post