കണ്ണൂര്‍ :- പഠനഗവേഷണകേന്ദ്രങ്ങളുടെ ബാനറില്‍ ധനസമാഹരണം ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന പാര്‍ട്ടി പരിപാടിക്ക് ഔദ്യോഗികസ്വഭാവം നല്‍കുന്ന തരത്തില്‍ ജില്ലാ കലക്ടര്‍ പങ്കെടുത്തത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള എകെജി പഠനഗവേഷണകേന്ദ്രം,പാട്യം ഗോപാലന്‍ ഗവേഷണകേന്ദ്രം എന്നിവയുടെ ബാനറില്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന്റെ ഭാഗമായി സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്‌ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ രാഷ്ട്രീയവിധേയത്വം തെളിയിച്ചിരിക്കുകയാണ്.
എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിനു വിടുപണി ചെയ്യുകയാണ്. നവീന്‍ബാബുവിന്റെ യാത്രയയപ്പിലേക്ക് പി പി ദിവ്യയെത്തിയത് ജില്ലാ കലക്ടര്‍ അറിയിച്ചതു പ്രകാരമാണെന്ന് വ്യക്തമായിരുന്നു. സ്വന്തം സഹപ്രവര്‍ത്തകന്റെ മരണത്തിന് ഉത്തരവാദിയായ കലക്ടര്‍ക്കെതിരേ കലക്‌ട്രേറ്റിലെ ജീവനക്കാര്‍ വരെ രംഗത്തു വന്നിട്ടും ഇവിടെ നിലനിര്‍ത്തുന്നത് സിപിഎമ്മിന് ഇത്തരത്തില്‍ വിധേയനായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്.
സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയിലേക്ക് തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്നും വലിയ തോതിലുള്ള ധനസമാഹരണത്തിനു സര്‍ക്കാര്‍ കളമൊരുക്കുകയാണ്. സെമിനാറിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് തനതുഫണ്ടില്‍ നിന്നും 50,000 രൂപ വരെ ചെലവഴിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണി നടത്താന്‍ പോലും ഫണ്ടില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് സിപിഎം നിയന്ത്രണത്തിലുള്ള സംഘടനകള്‍ക്ക് ഇത്തരത്തില്‍ പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കാന്‍ അവസരമൊരുക്കുന്നത്. സിപിഎം പാര്‍ട്ടി പരിപാടിയെന്ന് പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെട്ടിട്ടും അതിന്റെ ഭാഗമാകാന്‍ ജില്ലാ കളക്ടര്‍ അരുണ്‍.കെ.വിജയന്‍ തയ്യാറായത് സിപിഎമ്മിനോടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയവിധേയത്വത്തിന്റെ വ്യാപ്തിയാണ് വെളിപ്പെടുത്തുന്നത്. പൊതുഖജനാവില്‍ നിന്നും ഫണ്ട് ധൂര്‍ത്തടിച്ച് സിപിഎം സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് ഔദ്യോഗികസ്വഭാവം നല്‍കുന്ന ജില്ലാ കലക്ടറുടെ സമീപനത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കളക്ടർ രാഷ്ട്രീയ ചായ്‌വോടുകൂടി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകും.