ലഹരി വിൽപനയും അക്രമവും തടയാൻ 'ഓപ്പറേഷൻ ഡി ഹണ്ട് ' ; 10 ദിവസം ജില്ലയിൽ 127 കേസുകൾ, 88 പേർ അറസ്റ്റിൽ


കണ്ണൂർ :- ലഹരി വിൽപനയും അക്രമവും തടയാൻ പൊലീസ് നടപടി ശക്തമാക്കിയപ്പോൾ ജില്ലയിൽ 10 ദിവസത്തിനുള്ളിൽ അറസ്റ്റിലായത് 88 പേർ. 127 കേസുകളിലാണ് ഇത്രയും പേർ പിടിയിലായത്. സിറ്റി പൊലീസിനു കീഴിൽ 79 കേസുകളിലായി 81 പേരും റൂറലിൽ 48 കേസുകളിൽ 7 പേരുമാണ് അറസ്റ്റിലായത്. ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയാൻ കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് കൂടുതൽ അറസ്‌റ്റ് നടക്കുന്നത്. ലഹരി വിൽപന സജീവമായി നടക്കുന്ന സ്‌ഥലങ്ങളെ തിരിച്ചറിഞ്ഞ് നടപടിയെടുക്കാൻ 'ഗ്രിഡ് ലോക്ക്' എന്ന പദ്ധതി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. 

സിറ്റി പൊലീസ് കമ്മിഷണർക്കു കീഴിൽ വരുന്ന സ്‌റ്റേഷനുകളിലെ 66 ഇടങ്ങളിലാണ് ഗ്രിഡ് ലോക്ക് ആയി കണ്ടെത്തിയിട്ടുള്ളത്. പൊലീസ് പരിശോധന കർശനമായതോടെ ഇത്തരം സ്‌ഥലങ്ങളിൽ നിന്ന് ലഹരി മാഫിയ പിൻവാങ്ങിയിരുന്നു. ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള വിൽപനയും ഉപയോഗവും. എന്നാൽ രാത്രിയും പൊലീസ് പട്രോളിങ് ശക്തമാക്കിയതോടെ ലഹരി മാഫിയയുടെ പ്രവർത്തനം കുറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരി ഉൽപന്നങ്ങൾ കൊണ്ടുവന്നു വിൽപന നടത്തിയിരുന്നവരാണ് പിടിയിലായവരിൽ കൂടുതലും.

ഇതോടൊപ്പം എക്സൈസ് വകുപ്പിൻ്റെ പ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ട്. ഒഴിഞ്ഞ വീടുകൾ, വിദ്യാലയങ്ങൾക്കു സമീപമുള്ള സ്‌ഥലങ്ങൾ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളെല്ലാം പൊലീസ്, എക്സൈസ് വകുപ്പുകളുടെ നിരീക്ഷണത്തിലാണ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ്, വോയ്സ് എന്നിവ കൈമാറാനുള്ള പൊലീസിന്റെ 9995966666 വാട്സാപ് നമ്പറിലേക്കും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്.

Previous Post Next Post