വീണ്ടും വീണ്ടും പിടിയിൽ ! സംസ്ഥാനത്ത് ഒന്നിലധികം തവണ ലഹരിക്കേസുകളിൽ പിടിയിലായത് 497 പേർ


കണ്ണൂർ :- സംസ്ഥാനത്ത് ഒന്നിലധികം തവണ ലഹരിക്കേസുകളിൽ പിടിയിലായത് 497 പേരെന്ന് എക്സൈസിന്റെ കണക്ക്. അതിൽ 242 പേർ അഞ്ചിലധികം കേസുകളിൽ പ്രതികളായി. 11 സ്ത്രീകളും ഒന്നിലേറെ തവണ അറസ്റ്റിലായിട്ടുണ്ട്. കൊല്ലത്താണ് കൂടുതൽ പേർ ലഹരിക്കേസുകളിൽ പിടിയിലായത്. അവിടെ 74 പേർ അറസ്റ്റിലായി. കോട്ടയമാണ് രണ്ടാമത്. 69 പേർ. എറണാകുളമാണ് മൂന്നാമത്. 56 പേർ ഒന്നിലധികം കേസുകളിൽ പിടിയിലായി.

എക്സൈസ് റേഞ്ച്, സർക്കിൾ, സ്ക്വാഡിലെയും എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെ, സ്ഥിരം കുറ്റവാളികളെ നിരന്തരം നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ലഹരി വിൽപ്പന, കടത്ത് എന്നീ കുറ്റങ്ങൾ ചെയ്യുന്നവരെ പിടികൂടാനായി പ്രത്യേക റെയ്‌ഡു കളും നടത്തുന്നുണ്ട്. ഇരട്ടിലാഭമാണ് ആളുകളെ വീണ്ടും ലഹരിക്കച്ചവടത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. 1985-ലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരം, ഒന്നിലേറെ കേസുകളിൽ പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് വ്യവസ്ഥയുണ്ട്.

ഇതിൻപ്രകാരം കോട്ടയം എരുമേലി സ്വദേശിയായ അഷ്കർ അഷറഫിനെ തടങ്കലിലാക്കിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പതിവായി ലഹരിക്കേസുകളിൽ പ്രതികളാകുന്നവരുടെ പട്ടിക ജില്ലാതലത്തിലാണ് ശേഖരിക്കുന്നത്. തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പരിശോധിച്ച് ജോയിൻ്റ് എക്സൈസ് കമ്മിഷണർക്ക് കൈമാറും. ഈ റിപ്പോർട്ട് എക്സൈസ് കമ്മിഷണർക്കും നൽകും. ആഭ്യന്തര സെക്രട്ടറിയടങ്ങുന്ന കമ്മിറ്റിയാണ് പ്രതിക്കെതിരേ എൻഡിപിഎസ് ആക്ട് ചുമത്താൻ അന്തിമാനുമതി നൽകുന്നത്.

ഒന്നിലധികം ലഹരിക്കേസുകളിൽ പ്രതികളായവരുടെ എണ്ണം 4 ചുവടെ

തിരുവനന്തപുരം-26, കൊല്ലം-74, പത്തനംതിട്ട-25, ആലപ്പുഴ-28, കോട്ടയം-69, ഇടു ക്കി-23, എറണാകുളം -56, തൃ ശ്ശൂർ-39, പാലക്കാട്-31, മലപ്പുറം-53, കോഴിക്കോട്-17, വയനാട്-16, കണ്ണൂർ-30, കാസർകോട്-10

Previous Post Next Post