തിരുവനന്തപുരം :- ട്രാഫിക് സിഗൽ തെറ്റിച്ചതിനു കാറിന് 1000 രൂപ പിഴയുണ്ടെന്നു കാണിച്ച് മോട്ടർ വാഹന വകുപ്പിന്റെ പരിവഹൻ വെബ്സൈറ്റിൽ നിന്നെന്ന വ്യാജേന വാട്‌സാപ് സന്ദേശം വഴി 5 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ്. നഗരത്തിലെ 75 വയസ്സുള്ള ഡോക്ടറിൽ നിന്നാണു പണം തട്ടിയത്.
ഡോക്ടർ പണം അടയ്ക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ പരിവഹൻ സൈറ്റിനു സാദൃശ്യമുള്ള സൈറ്റ് കണ്ടതിനാൽ സംശയം തോന്നിയില്ല. ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചതായി ബാങ്കിന്റെ മെസേജ് വന്നു. 5 മിനിറ്റിനുള്ളിൽ 5 തവണയായി 5 ലക്ഷം രൂപ നഷ്‌ടമായി.