തിരുവനന്തപുരം :- കളഞ്ഞുകിട്ടിയ ഏതുവസ്തുവും ഉടമയ്ക്ക് തിരിച്ചുനൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ, എ.ടി. എം. കാർഡുകൾ ഇതിൽപ്പെടില്ല. പണം പിൻവലിച്ചശേഷം എ.ടി.എം കൗണ്ടറിൽ കാർഡ് മറന്നു വെച്ചാൽ തിരിച്ചുകിട്ടാൻ ബുദ്ധിമുട്ടാണ്. കാർഡ് തിരിച്ചുനൽകാൻ നിയമപരമായി തടസ്സമുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ വാദം. സ്വന്തം ബാങ്കിൻ്റെ എ.ടി.എം കാർഡാണെങ്കിൽ ഉടമയുടെ തിരിച്ചറിയൽ രേഖകളും ഇടപാടുകളും പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്തി കാർഡ് തിരിച്ചു നൽകും. എന്നാൽ, മറ്റുബാങ്കുകളുടെ എ.ടി.എം കാർഡാണെങ്കിൽ തിരിച്ചുനൽകില്ല.
സ്വന്തം ബാങ്കിന്റേതല്ലെങ്കിൽ വ്യക്തിഗതവിവരങ്ങൾ ബാങ്കിൽ ലഭ്യമാവില്ലെന്നതാണ് പ്രധാന കാരണം. കാർഡ് നഷ്ടപ്പെട്ട് ബാങ്കിൽ കിട്ടുന്ന സമയംവരെ എന്തെങ്കിലും അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പിന്നീട് കണ്ടെത്തിയാൽ അതിന്റെ ഉത്തരവാദിത്തം ബാങ്ക് ഉദ്യോഗസ്ഥർ ഏറ്റെടുക്കേണ്ടിവരും. അതുകൊണ്ടാണ് അത്തരം കാർഡുകൾ പിന്നീട് ഉപയോഗിക്കാനാവാത്തവിധം നശിപ്പിക്കുന്നതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
മാതൃബാങ്കിൽ പരാതിനൽകി, അവിടെനിന്ന് എ.ടി.എം കാർഡ് കൈവശമുള്ള ബാങ്കിലേക്ക് അപേക്ഷ അയപ്പിക്കണം. ഇങ്ങനെ അപേക്ഷലഭിച്ചാൽ നടപടികൾ പൂർത്തിയാക്കി കാർഡ് കൈമാറുന്ന രീതിയുണ്ട്. എന്നാൽ, ഇതിനേക്കാൾ എളുപ്പവഴി പുതിയകാർഡിന് അപേക്ഷിക്കുക എന്നതാണ്. ബാങ്കുകളുടെ ആഭ്യന്തര കാര്യമായതു കൊണ്ടുതന്നെ, കളഞ്ഞുകിട്ടുന്ന കാർഡുകളുടെ കാര്യത്തിൽ ഇടപെടാൻ പോലീസിനും പരിമിതിയുണ്ട്. കാർഡ് നഷ്ടപ്പെട്ടാൽ ആദ്യം തന്നെ അത് ബ്ലോക്ക് ചെയ്യുക. തുടർന്ന്, പുതിയ കാർഡിന് അപേക്ഷിക്കുക. പുതിയ കാർഡിന് നൂറുരൂപയും സർവീസ് ചാർജും മുടക്കണം. കാർഡ് കിട്ടാൻ പരമാവധി രണ്ടാഴ്ചയെടുക്കും.