തളിപ്പറമ്പ് :- കണ്ണൂർ തളിപ്പറമ്പ പൂവ്വത്ത് ബാങ്ക് ജീവനക്കാരിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പൂവ്വം എസ്.ബി.ഐ ശാഖയിലെ ക്യാഷർ അനുപമക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് അനുരൂപിനെ പോലീസ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു സംഭവം.
ബാങ്കിൽ എത്തിയ അനുരൂപ് അനുപമയെ ബാങ്കിൽ നിന്ന് വിളിച്ചിറക്കി പുറത്ത് വെച്ച് സംസാരിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടാകുകയും കത്തിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. അനുരൂപിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ അനുപമയെ തളിപ്പറമ്പ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക വിവരം.