കൊച്ചി :- ഡിജിറ്റൽ യുഗത്തിൽ 'സൈബർ ബുള്ളിയിങ്ങിന് തടയിടാൻ സമഗ്രവും ഫലപ്രദവുമായ നിയമത്തിന് എത്രയും വേഗം രൂപം നൽകണമെന്ന് ഹൈക്കോടതി. 2024-ൽ ഐപിസി പരിഷ്ക്കരിച്ച് ബിഎൻഎസ് വന്നിട്ടും ഓൺലൈൻ ആക്രമണങ്ങൾ കൈകാര്യം ചെയ്യാൻ വ്യവസ്ഥയില്ല. ഈ പോരായ്മ പരിഹരിക്കാൻ അടിയന്തര ശ്രദ്ധ വേണമെന്നാണ് ജസ്റ്റിസ് സി.എസ് സുധയുടെ ഉത്തരവിൽ പറയുന്നത്.
സൈബർ ബുള്ളിയിങ് കൃത്യമായി നിർവചിക്കാനോ കൈകാര്യം ചെയ്യാനോ ഐടി നിയമത്തിൽ വ്യവസ്ഥ ഇല്ലെന്നും കോടതി പറഞ്ഞു. എറണാകുളം ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരേ പ്രതിയായ മലപ്പുറം സ്വദേശി കെ.വി ഫക്രുദ്ദീൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടി കജാതി അംഗത്തെ അപമാനിക്കുന്ന വീഡിയോ യുട്യൂബ് ചാനലിൽ പ്രചരിപ്പിച്ചതിന് പട്ടിക ജാതി അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്.
ഒരാൾക്കെതിരേ ഏതുതരം ഉള്ളടക്കവും അടിസ്ഥാനരഹിതമായ വിമർശനവും അശ്ലീല പരാമർശവുമൊക്കെ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പരിധിയിൽ വരുമെന്ന തെറ്റിദ്ധാരണയിലാണ് സാമൂഹികമാധ്യമ ലോകം. പിന്നാലെ നടന്നു ശല്യപ്പെടുത്തലും ഒളിഞ്ഞുനോട്ടവുമൊക്കെ കുറ്റകരമാക്കി 2013-ൽ ക്രിമിനൽ നിയമം ഭേദഗതി ചെയ്തിരുന്നു. എന്നാൽ, ലൈംഗിക ഉള്ളടക്കം ഇല്ലാത്ത സൈബർ ബുള്ളിയിങ്ങും ഓൺലൈൻ ആക്രമണവും കൈകാര്യം ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയില്ല - കോടതി വിലയിരുത്തി.
കേസിലുൾപ്പെട്ട വീഡിയോ കോടതി പരിശോധിച്ചു. ജാതിപ്പേര് പറഞ്ഞിട്ടില്ലെങ്കിലും ഉള്ളടക്കം അപകീർത്തികരമാണെന്നതിൽ തർക്കമില്ലെന്നും ഓൺലൈൻ ആക്രമണം വ്യക്തമാണെന്നും കോടതി പറഞ്ഞു. സ്വഭാവം മോശമാണെന്ന മട്ടിൽ വീഡിയോ ചിത്രീകരിച്ചതും അപകീർത്തികരമാണ്. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വിലയിരുത്തി.