ന്യൂഡൽഹി :- റേഷൻ കാർഡ് ഇ-കെവൈസി മസ്റ്ററിങ്ങിനുള്ള കാലാവധി സംസ്ഥാനത്തിന് നീട്ടി നൽകുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ ഉറപ്പുലഭിച്ചതായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മേയ് 31 വരെയെങ്കിലും കാലാവധി നീട്ടണമെന്ന ആവശ്യമാണ് സംസ്ഥാനം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് സെക്രട്ടറി തലത്തിൽ ചർച്ചകൾനടത്തി തീയതി നീട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്ന് മന്ത്രി അനിൽ പറഞ്ഞു.
നിലവിൽ മാർച്ച് 31-നു മസ്റ്ററിങ്ങിനുള്ള കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാനത്തെ കാർഡുടമകളിൽ 94 ശതമാനമാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. ഈ നേട്ടത്തിൽ സംസ്ഥാനത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ഉൾപ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ് മസ്റ്ററിങ്ങിൽ പിന്നിലെന്ന് മന്ത്രി പറഞ്ഞു.