പയ്യന്നൂർ :- മസ്തിഷ്കമരണം സംഭവിച്ച കുന്നരു ബാങ്കിന് സമീപത്തെ എ.വി പ്രസന്ന അവയവദാനത്തിലൂടെ മറ്റുള്ളവർക്ക് പുതുജീവനേകും. അവയവങ്ങൾ ദാനം ചെയ്യാൻ മകൻ അനൂപ് സമ്മതപത്രം നല്ലിയതോടെയാണ് കുറച്ചുപേർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ വഴി തെളിഞ്ഞത്. വ്യാഴാഴ്ച പുന്നക്കടവിലെ യുവവ്യാപാരി അന്തരിച്ച വിവരം അറിഞ്ഞെത്തിയ പ്രസന്ന അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പയ്യന്നൂർ സഹകരണ ആസ്പത്രിയിലും കണ്ണൂരിലെ എ.കെ.ജി ആസ്പത്രിയിലും തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തരം കണ്ണ് ദാനം ചെയ്യണമെന്ന പ്രസന്നയുടെ ആഗ്രഹം മകൻ ഡോക്ടർമാരെ അറിയിച്ചപ്പോൾ ഹൃദയം, വൃക്ക, കരൾ ഉൾപ്പെടെ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന അവയവങ്ങൾ കൂടി ദാനം ചെയ്യാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് പ്രസന്നയുടെ ഭർത്താവായ കോലുവീട്ടിൽ അരവിന്ദാക്ഷന്റെയും വീട്ടകാരുടെയും സമ്മതത്തോടെ മക്കൾ അവയവദാനത്തിനുള്ള സമ്മതപത്രം നല്ലി. മരണം നടന്ന ശനിയാഴ്ച തന്നെ അവയവങ്ങൾ മാറ്റിവെക്കുന്ന നടപടികൾ തുടങ്ങിയിരുന്നു.