തിരുവനന്തപുരം :- ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത് ജോലി ചെയ്യുന്നവരും ചർമ, നേത്രരോഗങ്ങളോ കാൻസർ പോലെ ഗുരുതര രോഗങ്ങളോ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കണം. ഉയർന്ന തോതിൽ തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സൂര്യാതപം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾക്കും സാരമായ പൊള്ളലിനും കാരണമാകും.
പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങളാണ് ഉചിതം. യാത്രാ ഇടവേളകളിൽ തണലിൽ വിശ്രമിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. തൊഴിൽദായകർ ജോലിസമയം ക്രമീകരിക്കാൻ തൊഴിൽവകുപ്പും ആവശ്യപ്പെട്ടു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജാഗ്രത പുലർത്ത ണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.
വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ സജ്‌ജീകരിക്കും. ഈയാഴ്ച സംസ്‌ഥാനത്ത് വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനൽമഴ ശമിക്കുന്നതോടെ ചൂട് വീണ്ടും ഉയരും. ഉയർന്ന താപനിലയ്ക്കിടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് പെട്ടെന്നു കൂടുന്നതു ചൂട് കൂടുതൽ അനുഭവവേദ്യമാകുന്ന താപസൂചിക വർധിപ്പിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മഴക്കുറവും ഇത്തവണ ഫെബ്രുവരിയിൽ തന്നെ ചൂട് കൂടാൻ കാരണമായി.