കണ്ണൂർ :- കടുത്ത ചൂടിൽ സംസ്ഥാനത്ത് ചിക്കൻപോക്സ് വ്യാപിക്കുന്നു. പ്രതിരോധ ശേഷി കുറഞ്ഞവരിലാകട്ടെ തീവ്രമാകുന്നുമുണ്ട്. ഈ മാസം 2561 പേർ രോഗബാധിതരായി. മൂന്നുമാസത്തിനുള്ളിൽ 8019 പേർക്ക് രോഗം ബാധിച്ചു. ആറ് മരണങ്ങളും സംഭവിച്ചു. ഇതുവരെ ചിക്കൻ പോക്സ് വരാത്തവരിലും വാക്സിനെടുക്കാത്തവരിലും രോഗം വരാം. ചെറിയ കുഞ്ഞുങ്ങൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ, ദീർഘകാലമായി ശ്വാസകോശരോഗമുള്ളവർ എന്നിവർ കൂടുതൽ കരുതലെടുക്കണം. വേരിസെല്ല സോസ്റ്റർ എന്ന വൈറസ് കാരണമുണ്ടാകുന്ന പകർച്ചവ്യാധിയാണിത്.
പകരുന്ന വിധം
ചിക്കൻപോക്സ് രോഗമുള്ളവരുമായുള്ള സമ്പർക്കം വഴി. ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നതുവഴിയും.
രോഗപ്പകർച്ച
ശരീരത്തിൽ കുമിള പൊന്തി തുടങ്ങുന്നതിന് രണ്ടുദിവസം മുൻപ് മുതൽ ഉണങ്ങി പൊറ്റയാകുന്നതുവരെ രോഗം പകരാം.
ലക്ഷണങ്ങൾ
പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ. ശരീരത്തിൽ കുമിളകൾ. വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാലുമുതൽ ഏഴുദിവസത്തിനുള്ളിൽ പൊറ്റയാകും.
രോഗികൾ ശ്രദ്ധിക്കേണ്ടത്
പരിപൂർണ വിശ്രമം വേണം. വായു സഞ്ചാരമുള്ള മുറികളിൽ വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. പഴവർഗങ്ങൾ കഴിക്കുക. മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവരുമായി പങ്കിടരുത് ചൊറിച്ചിൽ ഉണ്ടെങ്കിൽ കലാമിൻ ലോഷൻ പുരട്ടാം. ശരീരം നനഞ്ഞ തുണികൊണ്ട് ഒപ്പിയെടുക്കാം.
ചികിത്സ
വൈറസ് പെരുകുന്നത് തടയുന്ന ആന്റി വൈറൽ മരുന്നുകൾ രോഗതീവ്രതയും സങ്കീർണതകളും കുറയ്ക്കാൻ സഹായിക്കും. വേദനസംഹാരികൾ ഒഴിവാക്കണം. ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിക്കുന്ന മറ്റ് മരുന്നുകൾ ഒഴിവാക്കരുത്.
പ്രതിരോധിക്കാൻ
പ്രതിരോധ കുത്തിവെപ്പാണ് ചി ക്കൻപോക്സ് തടയാനുള്ള മികച്ച മാർഗം. ഫലപ്രദമായ വാക്സിനുണ്ട്. 12 വയസ്സിന് മുകളിലുള്ളവർക്ക് നാലുമുതൽ എട്ടാഴ്ച വരെയുള്ള ഇടവേളകളിൽ രണ്ടുഡോസ് വാക്സിനെടുക്കാം. രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ 72 മണിക്കൂറിനുള്ളിൽ വാക്സിനെടുത്താൽ രോഗത്തെ പ്രതിരോധിക്കാം. കുട്ടികളിൽ ഒന്നേകാൽ വയസ്സിലും നാലുവയസ്സിന് ശേഷവുമെടുക്കാം.