മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് രാജ്ഘട്ടിനടുത്ത് സ്മാരകമുയരും


ന്യൂഡൽഹി :- അന്തരിച്ച മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് രാജ്ഘട്ടിനടുത്ത് രാഷ്ട്രീയ സ്മൃതിസ്ഥലിൽ സ്മാരകമുയരും. ഇവിടെ കേന്ദ്രസർക്കാർ കണ്ടെത്തിയ 900 ചതുരശ്ര മീറ്റർ സ്ഥലത്ത് സ്മാരകനിർമാണത്തിന് സമ്മതമാണെന്ന് മൻമോഹൻ്റെ കുടുംബാംഗങ്ങൾ സർക്കാരിനെ അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഗുർശരൺ കൗറും മക്കളായ ഉപീന്ദർ സിങ്ങും ദമൻ സിങ്ങും കഴിഞ്ഞയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് സർക്കാരിന് അവർ ഔദ്യോഗികമായി സമ്മതപത്രം കൈമാറി. യമുനാതീരത്തെ നിഗംബോധ്ഘട്ടിലാണ് മൻമോഹൻസിങ്ങിൻ്റെ സംസ്കാരം നടന്നത്.

രാഷ്ട്രീയ സ്മൃതിസ്ഥൽ സമാധി കോംപ്ലക്സിൽ രണ്ട് പ്ലോട്ടുകളാണ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്. ഇതിലൊന്ന്, അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകത്തിനായി അനുവദിച്ചു. ഒൻപത് സമാധിസ്ഥലങ്ങളാണ് രാഷ്ട്രീയ സൂതിസ്ഥലിൽ. എല്ലാ സ്മൃതികുടീരങ്ങൾക്കും ഒരേ ശില്പമാതൃകയാണ്. മുൻപ്രധാനമന്ത്രി ചന്ദ്രശേഖറിന്റെയും മുൻ രാഷ്ട്രപതി ആർ. വെങ്കട്ടരാമൻ്റെയും സ്മാരകങ്ങൾക്ക് മധ്യത്തിലായാണ് മൻമോഹൻ്റെ സ്മാരകത്തിന് കണ്ടുവെച്ചിരിക്കുന്ന സ്ഥലം. 

ഇരുവശങ്ങളിലുമായി മുൻരാഷ്ട്ര പതിമാരായ ഗ്യാനി സെയിൽസിങ്ങിൻ്റെയും പ്രണബ് മുഖർജിയുടെയും സ്മാരകങ്ങൾ. ട്രസ്റ്റിനാണ് സ്ഥലമനുവദിക്കുക. സ്മാരകനിർമാണത്തിനായി ട്രസ്റ്റിന് 25 ലക്ഷം രൂപയുടെ 'ഒറ്റത്തവണ ഗ്രാൻറിന് അപേക്ഷിക്കാം. മുൻരാഷ്ട്രപതിമാർ, ഉപരാ ഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ എന്നിവരുടെ സ്മാരകങ്ങൾക്കായി രാജ്ഘട്ടിന് സമീപം പൊതുവായ സ്ഥലം അനുവദിക്കാൻ തീരുമാനമെടുത്തത് 2013 മേയ് 16-ന് ഡോ. മൻമോഹൻസിങ് മന്ത്രിസഭയായിരുന്നു.

Previous Post Next Post