കണ്ണൂർ :- പയ്യാമ്പലം ശ്മശാനത്തിൽ ആവശ്യമായ ചിരട്ടിയില്ലാത്തത് മൃതദേഹം ദഹിപ്പിക്കുന്നതിൽ വൻ പ്രതിസന്ധി. അഞ്ചുദിവസമായി ചിരട്ടക്ഷാമം നേരിടുകയാണ്. വിറകിൻ്റെ സംഭരണവും കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മൂന്ന് മൃതദേഹങ്ങളാണ് സംസ്കാരത്തിനായി എത്തിയത്. പയ്യാമ്പലം എത്തിയതിന് ശേഷം ദഹിപ്പിക്കാനായി കളത്തിൽ മൃതദേഹം എടുത്തപ്പോഴാണ് ചിരട്ടയില്ലെന്ന് അറിയുന്നത്. ഇതോടെ ശവദാഹത്തിന് എത്തിയവരും ചുമതലക്കാരനും തർക്കമായി. പിന്നീട് പല സ്ഥലങ്ങളിൽ നിന്നായി ചിരട്ടയെത്തിച്ചാണ് സംസ്കാരം നടന്നത്. ഒരു മണിക്കൂറിലധികം മൃതദേഹം അനാഥമായി കിടന്നുവെന്ന് ആക്ഷേപമുണ്ട്. കോർപ്പറേഷനാണ് ചിരട്ടയും വിറകും ഇറക്കേണ്ടത്. കഴിഞ്ഞയാഴ്ച ചുമതലക്കാരൻ പോലും പണം കൊടുത്ത് ചിരട്ട വാങ്ങി സംസ്ക്കാരത്തിന് നൽകേണ്ട അവസ്ഥയുമുണ്ടായി.
ഒരു മൃതദേഹത്തിന് 125 രൂപയാണ് കോർപ്പറേഷൻ ചുമതലക്കാരന് നൽകുന്നത്. സഹായത്തിന് മൂന്ന് പേർ വെറെയുമുണ്ട്. കോർപ്പറേഷന്റെ ജോലി ചെയ്ത് ജനങ്ങളുടെ അടുത്തുനിന്ന് ധർമം വാങ്ങിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ചുമതലക്കാർ പറയുന്നു. ഒരു ദിവസം എട്ടിനും 10 ഇടയിൽ മൃതദേഹമാണ് പയ്യാമ്പലത്ത് എത്തുന്നത്. സംസ്ക്കാരത്തിനായി ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ വിറകും ചിരട്ടയുമാണ്. പയ്യാമ്പലത്ത് ഇറക്കുന്നത്. എന്നാൽ, ചിരട്ടയുടെയും വിറകിൻ്റെയും അളവ് സംബന്ധിച്ച സുതാര്യത ഉറപ്പുവരുത്താൻ നിലവിലെ സംവിധാനങ്ങൾക്കാകുന്നില്ല. കരാറുകാരൻ കൊണ്ടുവരുന്ന തൂക്കരസീത് കോർപ്പറേഷൻ എൻജിനിയർ സാക്ഷ്യപ്പെടുത്തുക മാത്രമാണ് നിലവിലെ രീതി.