പള്ളിപ്പറമ്പ് :- കഴിഞ്ഞദിവസം കണ്ണാടിപ്പറമ്പ് പ്രദേശത്തുണ്ടായ സൈക്കിൾ മോഷണ പരമ്പരകളുടെ തുടർച്ച പള്ളിപ്പറമ്പിലും എത്തി. പള്ളിപ്പറമ്പിലെ എ.പി മുസ്തഫയുടെ പേരമകന്റെ സൈക്കിൾ കാണാനില്ല. പകരം ഉള്ളത് വാരം റോഡിലെ ലതീഷിൻ്റെ വീട്ടിലെ സൈക്കിൾ.
മുസ്തഫയുടെ പേരമകൻ ഫാരിസിൻ്റെ സൈക്കിളാണ് പള്ളിപ്പറമ്പിൽ നിന്ന് മോഷണം പോയത്. പുതിയ സൈക്കിൾ കൊണ്ട് പോയി പഴയത് കൊണ്ട് വെക്കലാണ് ഈ മോഷ്ടാവിൻ്റെ രീതി.
വാരം റോഡ് പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന എൻ.വി ലതീഷിന്റെ വീട്ടിൽ വച്ചിരുന്ന ബേബിപിങ്ക് കളർ സൈക്കിൾ മാർച്ച് 10 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കുമിടയിൽ മോഷണം പോയി. പകരം ഒരു പഴയ ചെറിയ സൈക്കിൾ ആ സ്ഥാനത്ത് കൊണ്ട് വയ്ക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇതിനെ പറ്റി വിവരമറിയിച്ചപ്പോൾ ഒരു ട്വിസ്റ്റ്. മോഷ്ടാവ് കൊണ്ടുവെച്ച പഴയ സൈക്കിൾ മാലോട്ട് ശാദുലി പള്ളിക്ക് സമീപം താമസിക്കുന്ന കെ.എം മാഹിറയുടേത്. മാഹിറയുടെ വീട്ടിൽ നിന്നും ആ സൈക്കിൾ മോഷണം പോയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ. ഇവിടെയും പകരം മറ്റൊരു പഴയ സൈക്കിൾ. തന്റെ സൈക്കിൾ നഷ്ടപ്പെട്ട വിവരം വാർഡ് ഗ്രൂപ്പിൽ ഇട്ടപ്പോൾ അതിന്റെ ഉടമസ്ഥൻ സമീപത്തെ ശ്രീധരൻ മേസ്തിരി. ഇതിന്റെ തുടർച്ചയാണ് പള്ളിപ്പറമ്പിലും നടക്കുന്നത്.
സംഭവത്തിൽ ലതീഷിന്റെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.